കലാപഭൂമിയായി തിരുവനന്തപുരം കോര്‍പ്പറേഷന്‍; ലാത്തിച്ചാര്‍ജ്, ജലപീരങ്കി, കണ്ണീര്‍വാതകം., ജെബി മേത്തര്‍ എംപിക്ക് പരിക്ക്

Jaihind Webdesk
Thursday, November 10, 2022

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാലാം ദിവസവും നടക്കുന്ന പ്രതിഷേധത്തില്‍ കയ്യാങ്കളി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ജെബി മേത്തര്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തറിനെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.  പൊലീസ് നിര്‍ദാക്ഷിണ്യം പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

രാവിലെ കരിങ്കൊടിയുമായി കോർപ്പറേഷൻ ഓഫിസിനുള്ളിൽ കടന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി.  ഇവരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ഇടതു കൗൺസിലർമാർ മർദ്ദിച്ചത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇവരെ  മർദ്ദിച്ച ഇടത് കൗൺസിലർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്  അറസ്റ്റ് ചെയ്തു കൊണ്ടുപോയ പോലീസ് വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

മേയറുടെ രാജിയും തിരുവനന്തപുരം കോർപ്പറേഷനിലെ അനധികൃത നിയമനങ്ങളിൽ ജൂഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ കോർപ്പറേഷനു മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരം തുടരുകയാണ്. എം വിൻസന്‍റ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സത്യഗ്രഹ സമരം നടന്നത്.
മേയർ രാജി വയ്ക്കും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് കോൺഗ്രസും യുഡിഫും തീരുമാനിച്ചിരിക്കുന്നത്

അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തില്‍ കേസെടുത്തോ എന്ന് കോടതി ചോദിച്ചു. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി ഈ മാസം 25ലേക്ക് മാറ്റി.