പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി; വനം വകുപ്പ് അന്വേഷണം തുടങ്ങി, ജാഗ്രത പാലിക്കണം

Jaihind Webdesk
Wednesday, January 3, 2024

തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെയാണ് പൊന്മുടി സ്കൂളിന് സമീപം പുലിയെ കണ്ടത്. വനം വകുപ്പ് അന്വേഷണം തുടങ്ങി.

ഡിസംബർ 26നും പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ തവണ പൊന്മുടി പോലീസ് സ്റ്റേഷന്‍റെ മുൻവശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.