‘ആ കസേര ഇപ്പോള്‍ പാലായിലെ ഒരു ഫർണിച്ചർ കടയിലുണ്ടെന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു’; ഇപിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, March 19, 2023

 

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് സഭയിലെ കസേര തല്ലിത്തകർത്ത ജയരാജന്‍ ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയരാജന്‍ തല്ലിത്തകർത്ത കസേര ഇപ്പോഴും പാലായിലെ ഒരു ഫർണിച്ചർ കടയിലിരിപ്പുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷത്തിന് ക്ലാസെടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

“എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്നലെ ഒരു സ്റ്റഡി ക്ലാസെടുത്തു. അദ്ദേഹം തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര ഇപ്പോഴും പാലായിലെ ഒരു ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ട്. ഇക്കാര്യം ഇ.പി ജയരാജനെ വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. ഇ.പി ജയരാജനെപ്പോലൊരാള്‍ പ്രതിപക്ഷം എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്നത് സംബന്ധിച്ച് ക്ലാസെടുക്കുന്ന വിചിത്രമായൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗമാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് ജയരാജന്‍ പറയാതെ പറഞ്ഞു വെച്ചിരിക്കുന്നത്. തന്‍റെ പ്രസ്താവനയിലൂടെ ജയരാജന്‍ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നത്” – വി.ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം മുന്നോട്ട് വച്ചിരിക്കുന്ന ന്യായമായ കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ സമ്മേളനവുമായി സഹരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സഭ നടക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹം. പക്ഷെ പ്രതിപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.