ശബരിമല യുവതീപ്രവേശം: പിന്നിലെ ആസൂത്രിത തിരക്കഥ ഇങ്ങനെ

Jaihind Webdesk
Wednesday, January 2, 2019

ശബരിമല യുവതീപ്രവേശത്തിന് പിന്നിൽ പൊലീസിന്‍റെയും സർക്കാരിന്‍റെയും ആസൂത്രിത തിരക്കഥ. ഇന്ന് പുലർച്ചെയാണ് യുവതികളായ കനകദുർഗയും, ബിന്ദുവും സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയത്. പുലർച്ചെ ഒരുമണിയോടെയാണ് ഇവർ പമ്പയിലെത്തി പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പിന്നീട് പൊലീസിന്‍റെ ഒരു ചെറിയ സംഘം ഇവർക്ക് സുരക്ഷയൊരുക്കി സന്നിധാനം വരെ അനുഗമിക്കുകയായിരുന്നു. തുടര്‍ന്ന് പതിനെട്ടാംപടി ഒഴിവാക്കാന്‍ പോലീസിന്‍റെ കുശാഗ്രബുദ്ധി പ്രവര്‍ത്തിച്ചതോടെയാണ് യുവതികള്‍ ജീവനക്കാര്‍ക്കുള്ള വാതില്‍ വഴി സോപാനത്തെത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍നിന്നും മനസിലാകുന്നത്.

ദർശനം നടത്തി ഇവർ മടങ്ങിയ ശേഷമാണ് ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നത്. എന്നാൽ ഇവരെ പമ്പയിലെത്തിച്ച് ദർശനം സാധ്യമാക്കിക്കൊടുത്തത് സർക്കാരിന്‍റെയും പൊലീസിന്‍റെയും ആസൂത്രിത നീക്കമാണെന്ന വാദമാണ് ഇപ്പോൾ ശക്തിപ്പെടുന്നത്. പുലർച്ചെ ഇവരെ ഇവിടെയെത്തിച്ചത് പൊലീസ് നേരെത്തെ ആലോചിച്ചുറപ്പിച്ച നീക്കമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഒരു മണിക്ക് പമ്പയിൽ നിന്നും ദർശനത്തിനായി തിരിച്ച യുവതികൾ സന്നിധാനത്തെത്തി ദർശനം നടത്തുന്ന ദൃശ്യങ്ങൾ ആര് ചിത്രീകരിച്ചതാണെന്ന ചോദ്യവും ഉയരുന്നു. ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്ന സോപാനത്ത് ഇത്തരത്തിൽ ദൃശ്യം ചിത്രീകരണം നടന്നിട്ടും എന്തുകൊണ്ട് അവിടെ ജോലിയിലുണ്ടായിരുന്ന പൊലീസുകാർ എതിർത്തില്ലെന്നതും സംശയത്തിന് ഇടനൽകുന്നു.

മുമ്പ് ഇവർ ദർശനത്തിനെത്തിയപ്പോൾ കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ഇതേത്തുടർന്ന് ഇവർ മടങ്ങിയിരുന്നു. പിന്നീട് പൊലീസ് ഉന്നതരുമായി നടന്ന കൂടിക്കാഴ്ചയിലാണ് ദർശനസൗകര്യം വാഗ്ദാനം ചെയ്തതെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണ്ഡലകാലത്ത് യുവതീപ്രവേശനത്തിനെതിരെ ശബരിമലയിലും പൂങ്കാവനത്തിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് പൊലീസ് നിരോധനാജ്ഞയടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. മകരവിളക്ക് പൂജ തുടങ്ങുന്ന അവസരത്തിൽ കൂടുതൽ യുവതികളെത്തുമെന്ന് സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ നട തുറന്നശേഷം സന്നിധാനത്ത് സ്ഥിതിഗതികൾ ശാന്തമായി തുടർന്നതോടെ പ്രതിഷേധങ്ങൾക്കും അയവ് വന്നിരുന്നു. ഇത്തരത്തിൽ സാഹചര്യങ്ങൾ ഒത്തിണങ്ങി നിൽക്കുമ്പോഴാണ് യുവതികൾ ദർശനം നടത്തി മടങ്ങിയത്. ഇതിന് പൊലീസും ഒത്താശ ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്. സമൂഹത്തിൽ നിന്നും യുവതീപ്രവേശത്തിനും നേരെ കടുത്ത എതിർപ്പുയർന്നിട്ടും സർക്കാരിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പിടിവാശി നടപ്പിലാക്കാൻ പൊലീസിനെ ഉപയോഗിച്ചുവെന്ന വാദവും ഉയർന്നു കഴിഞ്ഞു.