സ്റ്റേഡിയത്തിലെ സൗരോർജ വിളക്കിനും ആറ് കോടി : ബെഹ്റയുടെ അഴിമതിക്ക് കുട പിടിച്ച് സർക്കാർ ; കൊവിഡിന് മറവില്‍ അഴിമതിയും ധൂർത്തും തുടരുന്നു

Jaihind News Bureau
Sunday, June 14, 2020

തിരുവനന്തപുരം: കൊവിഡ് കാലത്തും ഡി.ജി.പി ലേക്‌നാഥ് ബെഹ്‌റയുടെ സ്വാധീനത്തിന് വഴങ്ങി അഴിമതിക്കും ധൂർത്തിനും സർക്കാര്‍ വഴിയൊരുക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലെ പോലീസ് മേധാവിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ വിവാദമാവുകയും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡ്യുറിഡിക് എന്ന കമ്പനിക്ക് അയച്ച കത്തും ശ്രദ്ധേയമാകുന്നത്.

മുംബൈ ആസ്ഥാനമായ കമ്പനിയാണ് ഡ്യുറിഡിക്. 6 കോടി 11 ലക്ഷത്തി 81,000 രൂപ മുടക്കി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള കരാര്‍ ഉറപ്പിക്കുന്ന കത്ത് കഴിഞ്ഞ 4-ാം തീയതി ആണ് നല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ ആവശ്യമായ ഇലക്ട്രിക്കല്‍ സിവില്‍ വര്‍ക്കുകള്‍ നടത്തി 807 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും വിധം സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 2019 ഒക്ടോബറിലാണ് ടെണ്ടര്‍ വിളിച്ചത്. എസ്റ്റിമേറ്റ് തുകയായ ആറുകോടി 34 ലക്ഷം രൂപയില്‍ 3.5% താഴ്ത്തി, ആറുകോടി 11 ലക്ഷത്തി 81,000 രൂപയാണ് ഡ്യുറിഡിക്കിന് നല്‍കിയിരിക്കുന്നത്.

കെല്‍ട്രോണോ അനര്‍ട്ടോ സിഡാക്കോ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളില്ലാതെ രണ്ടര വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തനപരിചയമുള്ള ഒരു കമ്പനിക്ക് ഡി.ജി.പി നേരിട്ട് എങ്ങിനെയാണ് കരാര്‍ നല്‍കിയത്. അനില്‍ കാന്ത് ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റിക്ക് ഈ ജോലികളെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയായി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുന്നത് എങ്ങനെ. 807 കിലോവാട്ടിന്‍റെ ഉപഭോഗം എങ്ങനെയെന്നും മിച്ച വൈദ്യുതി എങ്ങനെ വിനിയോഗിക്കാം എന്നുമുള്ള കാര്യത്തിലും വ്യക്തതയില്ല.  പൊലീസ് മേധാവി എടുത്ത പല നടപടികളും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതാണെന്നും അവയൊക്കെ പിന്നീട് സർക്കാർ സാധൂകരിച്ച് നല്‍കുകയായിരുന്നുവെന്നുമാണ് പഴയ രേഖകള്‍ വ്യക്തമാക്കുന്നത്.   അങ്ങനെയെങ്കില്‍ ഇതും ഡി.ജി.പിയുടെ വഴിവിട്ട ഇടപെടലുകള്‍ക്കും അഴിമതികള്‍ക്കും കുടപിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി തോമസ് ഐസക്കോ അതോ പാര്‍ട്ടിയുടെ തന്നെ തീരുമാനമോ എന്ന ചോദ്യവും ഉയരും.

എല്ലാത്തിനേക്കാളും ഉപരി പേര്‍സെന്‍റേജ് റേറ്റ് വ്യവസ്ഥ ചെയ്തിട്ടുള്ള ടെണ്ടര്‍ ആണ് വിളിച്ചത് എന്നത് അഴിമതി നടത്താന്‍ നേരത്തെ  ഉദ്ദേശിച്ച് തന്നെയായിരുന്നു എന്ന സംശയത്തിന് ആക്കം കൂട്ടുന്നു. എന്തായാലും കൊവിഡ് കാലത്ത് ഒന്നിനും പണമില്ല എന്ന് പറയുന്ന സര്‍ക്കാര്‍ ഡി.ജി.പിക്ക് മാത്രം എന്തിനും ഏതിനും പണം നല്‍കുന്ന അവസ്ഥ ഒരുക്കുന്നത് എങ്ങിനെയെന്ന് അരപ്പട്ടിണിക്കാരോടെങ്കിലും ഉത്തരം പറയേണ്ടി വരും.

teevandi enkile ennodu para