വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക്, മുഖംതിരിച്ച് സര്‍ക്കാർ; പ്രക്ഷോഭം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത

Jaihind Webdesk
Sunday, October 23, 2022
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി ലത്തീൻ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും ഇടയ ലേഖനം വായിച്ചു. സർക്കാർ ഏഴിന ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ലേഖനത്തിൽ പറയുന്നു. ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കി കടുത്ത പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് രൂപതയുടെ തീരുമാനം.
സമരത്തിന് ജനപിന്തുണ തേടിയുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലറാണ് എല്ലാ പള്ളികളിലും വായിച്ചത്. അതിജീവന സമരമാണെന്നും വിജയിക്കുന്നത് വരെ സമരം തുടരുമെന്നും സർക്കുലറിൽ പറയുന്നു. വിഴിഞ്ഞത്ത് തുടരുന്ന സമരം ഒക്ടോബർ 27ന് 100 ദിവസത്തിലേക്ക് കടക്കുകയാണ്. സമരം നൂറു ദിവസത്തിലേക്ക് കടക്കുമ്പോഴും സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ നിലപാട്   ഉണ്ടാകാത്തതിന്‍റെ പ്രതിഷേധവും ശക്തമാണ്.
അതേസമയം  മുതലപ്പൊഴിയിൽ കരയിലും കടലിലും ശക്തമായ സമരം നടത്താനാണ് രൂപതയുടെ തീരുമാനം. അതോടൊപ്പം വിഴിഞ്ഞം മുല്ലൂരിൽ വൻ ജനപങ്കാളിത്തത്തോടെ ഉപരോധസമരവും ശക്തമാക്കും. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരസമിതി. എന്നാൽ സമരസമിതിയുമായി തല്‍ക്കാലം ചർച്ച വേണ്ടെന്ന നിലപാടിലാണ് സർക്കാർ.