വിഴിഞ്ഞം സമരം കടുപ്പിച്ച് ലത്തീന്‍ അതിരൂപത; പള്ളികളില്‍ ഇന്നും സർക്കുലര്‍ വായിച്ചു

Jaihind Webdesk
Sunday, September 11, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ തയാറാകാത്ത സർക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു . തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. അതേസമയം 27-ാം ദിവസത്തിലേക്ക് കടന്ന മത്സ്യതൊഴിലാളി സമരത്തിന് പിന്തുണ തേടി സമരസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സന്ദർശിച്ചു.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കെസിബിസിയും രംഗത്തെത്തി. കെആർഎല്‍സിബിസി (കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗൺസിൽ) യുടെ നേതൃത്വത്തില്‍ സെപ്റ്റംബർ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീളുന്ന മാർച്ച്. മൂലംപള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര എന്ന പേരിലാണ് മാർച്ച്. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് അദാനി തുറമുഖത്ത് അവസാനിക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ കെസിബിസി അധ്യക്ഷൻ കര്‍ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.