ലോക്ക് ഡൗൺ : കേരളത്തിൽ എത്തിയ അവസാന തീവണ്ടി തൃശൂരിൽ സർവീസ് അവസാനിപ്പിച്ചു

Jaihind News Bureau
Wednesday, March 25, 2020

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ എത്തിയ അവസാന തീവണ്ടി തൃശൂരിൽ സർവീസ് അവസാനിപ്പിച്ചു. ഗുവാഹത്തിയില്‍ നിന്ന് വന്ന ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം തൃശ്ശൂരില്‍ ഇറക്കി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കിലയിലേക്ക് ആണ് ട്രെയിനിലുണ്ടായിരുന്ന 196 യാത്രക്കാരെയും മാറ്റിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരാണ് ഇവരെല്ലാം. കന്യാകുമാരിയിൽ സർവീസ് അവസാനിപ്പിക്കേണ്ട വിവേക് എക്സ്പ്രസ് ആണ് തൃശൂരിൽ അവസാനിപ്പിച്ചത്. ഗുവാഹത്തിയിൽ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം റെയില്‍വേ മന്ത്രാലയം രാജ്യത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രഖ്യാപനത്തിന് മുമ്പേ യാത്ര പുറപ്പെട്ട ട്രെയിനുകള്‍ക്ക് യാത്ര തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സർവീസ് അവസാനിപ്പിച്ചത്. തീവണ്ടി വരുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടല്‍ നടത്തി. ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ആരോഗ്യ വകുപ്പ് അധികൃതരും ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയിരുന്നു. മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ച് കിലയില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് മാറ്റി. ചെറിയ പനിയും രോഗലക്ഷണങ്ങളും പ്രകടിപ്പിച്ച കുറച്ച് യാത്രക്കാരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ മഹാരാഷ്ട്രയുള്‍പ്പെടെ നിരവധി കൊറോണ ബാധിത മേഖലകളിലൂടെ കടന്നാണ് കേരളത്തിലെത്തിയത്. ഇത് മുന്നില്‍ കണ്ടാണ് ജില്ലാഭരണകൂടം യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.