കോവിഡ് 19 ഭീതിയില്‍ ലോകരാജ്യങ്ങള്‍ ; അമേരിക്കയിലും ഓസ്ട്രേലിയയിലും കൊറോണ ബാധിച്ച് മരണം

Jaihind News Bureau
Sunday, March 1, 2020

കൊറോണ ഭീതിയിൽ ലോക രാജ്യങ്ങൾ. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ് 19 ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഇറാനില്‍ ഇന്ന് 11 പേര്‍ കൂടി മരിച്ചതോടെ കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2993 ആയി. 86,993 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ഓരോ ദിവസവും കൊറോണ വൈറസ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാഷിംഗ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയിലെ 50 കാരനാണ് കൊറോണ ബാധിച്ച് മരിച്ചത്. കാലിഫോണിയ, ഒറിഗോൺ, വാഷിംഗ്ടൺ നഗരങ്ങളിലാണ് വൈറസ് ബാധ നിലവിൽ റിപ്പോർട്ട് ചെയ്തത്. ഓസ്‌ട്രേലിയയിൽ പെർത്തിലാണ് ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന 78 കാരനാണ് മരിച്ചത്.

ചൈനയിൽ 576 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ കൊറോണ ബാധയെ തുടർന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 2870 ആയി. ഹുബെ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ദക്ഷിണ കൊറിയയിൽ 376 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ദക്ഷിണ കൊറിയയിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് വൈറസ് ബാധ ഏറ്റവും രൂക്ഷമായത്. ഖത്തറിലും ഇക്വഡോറിലും കോവിഡ് 19 സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.