ഭൂപതിവ് നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകണം ; സർക്കാരിനോട് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 8, 2020

 

തിരുവനന്തപുരം: ഭൂപതിവ് നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയിലെ  ജനതക്കെതിരെ സര്‍ക്കാര്‍ നടത്തിയിരിക്കുന്ന യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലയില്‍ നിന്ന് ജയിച്ച് മന്ത്രിയായ എം എം മണി പോലും തുടരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും ക്യാബിനറ്റില്‍ പോലും അദ്ദേഹം ഈ വിഷയത്തില്‍ മിണ്ടുന്നില്ലെന്നും ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിം കുട്ടി കല്ലാര്‍ പറഞ്ഞു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാതെ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂപതിവ് ചട്ടങ്ങള്‍ സംസ്ഥാനമൊട്ടാകെ ഒന്നുപോലെ നടപ്പാക്കാനാകൂ എന്ന ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും കുടിയേറ്റക്കാരോട് പതിച്ചു കിട്ടിയ ഭൂമി കൃഷിക്കും താമസത്തിനും മാത്രമെ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും പറയുന്നത് അനീതിയാണെന്നും നേതാക്കള്‍ ചുണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

teevandi enkile ennodu para