ദ്വീപ് സന്ദർശനം: എംപിമാർക്ക് അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, August 6, 2021

 

കൊച്ചി : കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. ഹൈക്കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം ഇന്ന് കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.

കോൺഗ്രസ് എം.പിമാരായ ടി.എൻ പ്രതാപനും ഹൈബി ഈഡനും നൽകിയ അപേക്ഷ നേരത്തേ ലക്ഷദ്വീപ് ഭരണകൂടം നിരസിച്ചിരുന്നു. എം.പിമാരുടെ സന്ദർശനം ദ്വീപില്‍ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന വിചിത്ര വാദമായിരുന്നു ഇതുസംബന്ധിച്ച കളക്ടർ അസ്കര്‍ അലി ഉയർത്തിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് എം.പിമാർ കോടതിയെ സമീപിച്ചത്. എം.പി.മാരുടെ വാദം കേൾക്കാതെ തീരുമാനമെടുത്തത് ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി സുരേഷ്കുമാര്‍ വ്യക്തമാക്കി. എം.പിമാരുടെ വാദങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഒരുമാസത്തിനകം തീരുമാനം എടുക്കണം എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും ആറ് ഇടത് എംപിമാരുമാണ് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ദ്വീപില്‍ നടക്കുന്ന ജനദ്രോഹനടപടികള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനായാണ് എം.പിമാർ ദ്വീപ് സന്ദർശനത്തിന് അനുമതി തേടിയത്.