പിന്‍വാതില്‍ നിയമനത്തിനായി ലക്ഷങ്ങളുടെ കോഴ ; സിപിഎം നേതാക്കളുടെ പിന്തുണയില്‍ സെക്രട്ടേറിയറ്റിലടക്കം ജോലി വാഗ്ദാനം ; തെളിവുകള്‍ ജയ്ഹിന്ദ് ന്യൂസിന്

Jaihind Webdesk
Wednesday, February 17, 2021

തിരുവനന്തപുരം :  പിന്‍വാതില്‍ നിയമനത്തിനായി ലക്ഷങ്ങളുടെ കോഴ. സെക്രട്ടേറിയേറ്റിലും ഏജീസ് ഓഫീസിലും പരീക്ഷാ ഭവനിലും ജോലി വാഗ്ദാനം. പിന്നില്‍ സിപിഎം നേതാക്കളെന്ന് വെളിപ്പെടുത്തല്‍. തെളിവുകള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സിപിഎം നേതാക്കളുടെ ഒത്താശയോടെ ലക്ഷങ്ങള്‍ വാങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകളാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥി പ്രിയ വിനോദും പിന്‍വാതില്‍ നിയമന ഇടനിലക്കാരിയുമായ ശുഭയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടു.

സിപിഎം നേതാവിന്റെ മകള്‍ കൂടിയാണ് ശുഭ. സെക്രട്ടേറിയറ്റിലെ പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഏജീസ് ഓഫീസ്, പരീക്ഷാ ഭവനിലെ വെരിഫിക്കേഷന്‍ വിഭാഗം എന്നിവിടങ്ങളിലാണ് ജോലി വാഗ്ദാനം. ലക്ഷങ്ങള്‍ നല്‍കിയാല്‍ ഉടന്‍ ജോലി ലഭിക്കും. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും ഉറപ്പ്.
കരമന ജയകുമാര്‍, മെഡിക്കല്‍ കോളേജ് സ്വദേശികളായ ഡി.ആര്‍ അനില്‍ കുമാര്‍, രാജു എന്നിവര്‍ക്കാണ് പണം കൈമാറുന്നതെന്നും സംഭാഷണത്തില്‍ പറയുന്നു.

നഗരസഭയിലെ ജീവനക്കാരിയാണ് താനെന്നായിരുന്നു ശുഭയുടെ ആദ്യ അവകാശവാദം. ഇത്തരത്തിലുള്ള നിയമനം നടത്തുന്ന ടീമിന്റെ ഭാഗമായാണ് തന്റെ പ്രവര്‍ത്തനമെന്ന് ശുഭ പറഞ്ഞതായും ഉദ്യോഗാര്‍ത്ഥിയായ പ്രിയ വിനോദ് പറയുന്നു.

അതേസമയം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ.എസ്.നായര്‍ സിപിഎം പിന്തുണയോടെ ലക്ഷങ്ങള്‍ കോഴവാങ്ങി പിന്‍വാതില്‍ നിയമനം നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സിപിഎം പിന്തുണയോടെ പിന്‍വാതില്‍ നിയമനങ്ങള്‍ തുടര്‍ക്കഥയാകുന്നത്.