കുവൈറ്റിൽ ഇന്ന് മുതൽ ഭാഗിക കർഫ്യൂ : പുറത്തിറങ്ങരുത് ; നിയമം ലംഘിച്ചാൽ 3 വർഷം തടവ്

Jaihind News Bureau
Sunday, March 22, 2020

 


കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് ( ഞായർ ) വൈകിട്ട്‌ 5 മുതൽ പുലർച്ചെ 4 മണി വരെയാണു കർഫ്യൂ. ഇതിനു പുറമെ സർക്കാർ കാര്യാലയങ്ങളുടെ പൊതു അവധി മാർച്ച്‌ 29 മുതൽ രണ്ടാഴ്ചത്തേക്ക്‌ കൂടി നീട്ടി.

മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്‌. രാജ്യത്ത്‌ ആവശ്യമായ ഭക്ഷ്യ കരുതൽ ഉണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വാണിജ്യ മന്ത്രി ഖാലിദ്‌ അൽ റൗദാൻ വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു വെക്കരുതെന്നും അദ്ദേഹം ജനങ്ങളോട്‌ അഭ്യർത്ഥിച്ചു. ഇന്ന് ( ഞായർ ) മുതൽ വൈകീട്ട്‌ 5 മുതൽ പുലർച്ചെ 4 മണി വരെയാണ് കർഫ്യൂ സമയം. ഇതിനു കാലാവധി നിശ്ചയിച്ചിട്ടില്ല. കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുവാനോ ,ഭക്ഷ്യ വിൽപന കേന്ദ്രങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. എന്നാൽ കർഫ്യൂവിൽ നിന്നും ഒഴിവാക്കപ്പെടേണ്ട മറ്റു അവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക മുൻസിപ്പൽ അധികൃതർ നിർണയിക്കും.

എന്നാൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അനുവദിക്കുന്ന പ്രത്യേക പാസ്‌ ഉള്ളവർക്ക്‌ കർഫ്യൂ സമയം ജോലി ആവശ്യത്തിനു മാത്രം പുറത്തിറങ്ങാവുന്നതാണു. ആളുകള്‍ സംഘം ചേരുന്നതോ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ തടവ് ശിക്ഷയും പിഴക്കും കാരണമാകും. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കർഫ്യൂ നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സൈന്യത്തിന്‍റെയും മേൽനോട്ടത്തിലായിരിക്കും. രാജ്യത്ത് ഇന്ന് (മാർച്ച് 22) പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴ ശിക്ഷയും നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ നാല് മണിവരെയാണ് കര്‍ഫ്യൂ നിലവില്‍ വന്നത്.

teevandi enkile ennodu para