തീരദേശവാസികളെ ഭീതിയിലാഴ്ത്തി കുറ്റ്യാടിപ്പുഴ കരകയറുന്നു; തീരം കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യം

Jaihind News Bureau
Saturday, May 16, 2020

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ കനത്ത മഴയത്തും പ്രളയത്തിലും ഇരുഭാഗങ്ങളിലേക്കും ഇടിച്ച് കയറുന്നതുമൂലം പ്രദേശവാസികൾ ആശങ്കയിൽ. പുഴയോരം ഇടിഞ്ഞ് പല സ്ഥലത്തും മുപ്പത് മീറ്ററോളം ഭാഗം പുഴയിലാണുള്ളത്. വർഷങ്ങളായി പുഴയുടെ തീരം ഇടിയാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായ പ്രളയത്തിലാണ്, തീരദേശവാസികളെ ഭീതിയിലാഴ്ത്തി പുഴ കരകയറിയത് .

പ്രധാനമായും ചെറുവണ്ണൂർ, പേരാമ്പ്ര, ചങ്ങരോത്ത് കുറ്റ്യാടി, തിരുവള്ളൂർ, തുടങ്ങിയ പഞ്ചായത്തിലെ തിരദേശവാസികൾക്കാണ്കഴിഞ്ഞ പ്രളയത്തിൽ കനത്ത നഷ്ടം ഉണ്ടായിട്ടുള്ളത്. പല സ്ഥലങ്ങളിലും നാമമാത്രമായാണ് ഭിത്തി നിർമിച്ചത്. പരിസരവാസികളുടെ കാലങ്ങളായുള്ള ആവശ്വമാണ് പുഴയുടെ തീരം കെട്ടി സംരക്ഷിക്കുക എന്നത്. എന്നാൽ അധികാരികൾ ഈ പ്രശ്നത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് പ്രദേശവാസികളുടെ പരാതി.

പുഴയുടെ തീരത്തുള്ള നല്ല കായ്ഫലമുള്ള തെങ്ങ് ഉൾപ്പടെയുള്ള കാർഷിക വിളകളാണ് നശിച്ചുപോകുന്നത്. പല കർഷകർക്കും 50 സെന്റിലധികം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഈ വർഷവും ശക്തമായ പ്രളയം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കുറ്റ്യാടിപ്പുഴയുടെ തിരങ്ങൾ കെട്ടി സംരക്ഷിക്കണമെന്നും, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം