മന്ത്രി ശിവൻകുട്ടിയെ സ്വീകരിക്കാൻ എത്തിയില്ലെങ്കില്‍ ലോൺ നല്‍കില്ലെന്ന് ഭീഷണി : കുടുംബശ്രീയിൽ വിവാദം

Jaihind Webdesk
Monday, April 18, 2022

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടയെ ചൊല്ലി തിരുവല്ലം കുടുംബശ്രീയില്‍ വിവാദം. മന്ത്രിയെ സ്വകരിക്കാന്‍ പൊതുപരിപാടിയില്‍ എത്താത്തവര്‍ക്ക് ലോണും ആനുകൂല്യങ്ങളും ഇല്ലെന്ന് ഭീഷണി ഉയർന്നതോടെയാണ് സംഭവം വിവാദമായത്. തിരുവല്ലം കുടുംബശ്രീ സിഡിഎസ് പ്രസിഡന്‍റാണ് അംഗങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇത്തരത്തില്‍ ഭീഷണി സന്ദേശം അയച്ചത്. സന്ദേശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ശിവന്‍ കുട്ടിക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ ഘോഷയത്രയില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. ഘോഷയാത്രയ്‌ക്ക് എത്താത്ത അംഗങ്ങള്‍ക്ക് ലോണ്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് സിഡിഎസില്‍ നിന്ന് അറിയിച്ചതായാണ് വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഓരോ കുടുംബശ്രീയില്‍ നിന്നും അഞ്ച് മുതല്‍ 10 വരെയുള്ള അംഗങ്ങള്‍ ചിത്രാഞ്ജലി ജംഗ്ഷനില്‍ എത്തേണ്ടതാണ്. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമെ സിഡിഎസ്സില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും സന്ദേശത്തില്‍ പറയുന്നു.

ഏപ്രില്‍ 20നാണ് ചടങ്ങ് നടക്കുന്നത്. ഘോഷയാത്ര കഴിഞ്ഞുള്ള പൊതുപരിപാടിയിലും എല്ലാവരും പങ്കെടുക്കണം. ടൂവീലര്‍ ഉള്ളവര്‍ അങ്ങനെ ചടങ്ങിലെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ശിവന്‍കുട്ടിയ്‌ക്ക് പൗരസ്വീകരണം എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സിപിഐഎം എല്‍പിഎസ് പാച്ചല്ലൂര്‍ ബ്രാഞ്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.