തോമസ് ഐസക്കിന് തുറന്ന കത്തുമായി കെ.എസ്.യു സംസ്ഥാന സെക്രട്ടറി

Jaihind News Bureau
Thursday, October 3, 2019

മന്ത്രി തോമസ് ഐസക്കിന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ എം.ജെയുടെ തുറന്ന കത്ത്. നമ്മുടെ നാട് ഒരു മഹാപ്രളയത്തിനു ശേഷം മറ്റൊരു പ്രളയത്തിന്‍റെ കൂടി പ്രഹരമേറ്റ് വീടും ബിസിനസും കൃഷിയും എല്ലാം നഷ്ടപ്പെട്ട അനേകായിരങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പെടാപ്പാട് പെടുമ്പോൾ ആശ്രിതവത്സരായ കെ.എം. എബ്രഹാമിനെപ്പോലുള്ള ഉദ്യോഗസ്ഥരെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. കിഫ്ബിയിൽ നിന്ന് കൊള്ള പലിശക്ക് കടം എടുത്ത് സിഇഒയ്ക്ക് വൻ ശമ്പളം കൊടുക്കുന്നത് ഒഴിവാക്കണമെന്നും എബ്രഹാമിന്‍റെ ശമ്പളം അടിയന്തിരമായി വെട്ടികുറക്കണമെന്നും ആവശ്യപ്പെടുന്നു.

കത്തിന്‍റെ പൂര്‍ണ്ണരൂപം :

ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.തോമസ് ഐസക്കിന് ഒരു തുറന്ന കത്ത്: കിഫ്ബി CEO ശ്രീ. കെ.എം. എബ്രഹാമിന്‍റെ ശമ്പളം അടിയന്തിരമായി വെട്ടിക്കുറക്കണം: 09/02/18 ലെ സർക്കാർ ഉത്തരവ് 1018/18/ ധന പ്രകാരം കിഫ്ബി CEO ശ്രീ.കെ.എം.എബ്രഹാമിന്‍റെ മാസശമ്പളം 2.75 ലക്ഷം രൂപ. കൂടാതെ ഓരോ വർഷവും 10% വർധനയും . നിലവിൽ 09/02/19മുതൽ എബ്രഹാമിന്‍റെ ശമ്പളം 3,02,500/- രൂപയാണ്. അതും കൂടാതെ അലവൻസുകൾ ധാരാളം.

1.വാഹന സൗകര്യം
2. മൊബൈൽ ഫോണും, വീട്ടിലേക്കുള്ള ഫോണും പരിധിയില്ലാതെ ഉപയോഗിക്കാം
3. കമ്പ്യൂട്ടർ / ലാപ്പ്ടോപ്പ് തുടങ്ങിയവ ഫ്രീ.

മുൻ ചീഫ് സെക്രട്ടറി ആയ എബ്രഹാമിന് പെൻഷൻ ഇനത്തിൽ കിട്ടുന്നത് 1.25 ലക്ഷം. കൂടാതെ ധാരാളം അലവൻസുകളും.  ഇങ്ങനെ എബ്രഹാമിന് പ്രതിമാസം കിട്ടുന്നത് അലവൻസുകൾ കൂടാതെ 4, 27,500/- രൂപയാണ്.

മഹാപ്രളയത്തിനു ശേഷം മറ്റൊരു പ്രളയത്തിനു കൂടെ സാക്ഷ്യം വഹിച്ച നാടാണ് നമ്മുടേത്. വീടും ബിസിനസും കൃഷിയും എല്ലാം നഷ്ടപ്പെട്ട അനേകായിരങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പെടാപ്പാട് പെടുമ്പോൾ, പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ സർക്കാർ നൽകുന്നത് 4 ലക്ഷം രൂപ മാത്രമാണന്നിരിക്കെ, എന്നും പ്രിയരും, ആശ്രിതവത്സരരുമായിട്ടുള്ള ഇത്തരം ഉദ്യോഗസ്ഥർ നിങ്ങൾക്ക് വൻ കൊള്ളയും, അഴുമതിയും നടത്തുന്നതിനായി കൂട്ടുനിൽക്കാനും, പിൻതുണയേകാനുമായി കിഫ്ബി യിൽ കൊള്ള പലിശക്ക് കടം എടുത്ത് CEO ക്ക് വൻ ശമ്പളം കൊടുക്കുന്നത് ഒഴിവാക്കണമെന്നും എബ്രഹാമിന്റ ശമ്പളം അടിയന്തിരമായി വെട്ടികുറക്കണമെന്നും ആവശ്യപ്പെടുന്നു.

എന്ന്
യദുകൃഷ്ണൻ എം.ജെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി)