‘പിണറായി സ്വപ്ന കമ്മീഷൻ’ ; പി.എസ്.സി ഓഫീസില്‍ ബോർഡുയർത്തി കെ.എസ്.യു പ്രതിഷേധം

Jaihind News Bureau
Monday, February 22, 2021

 

തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍ക്കാരിനെതിരെ ഇന്നും വ്യാപകപ്രതിഷേധം. കോഴിക്കോടും തൃശൂരും കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തൃശൂർ പി.എസ്.സി ഓഫീസില്‍ കെ.എസ്.യു പ്രവർത്തകർ  ‘പിണറായി സ്വപ്ന കമ്മീഷൻ’ ബോർഡ് സ്ഥാപിച്ചു. പ്രവർത്തകർ  ഓഫീസിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രവർത്തകരും പൊലീസുമായി ഏറെനേരം ഉന്തും തള്ളും ഉണ്ടായി.

കെഎസ്‌യു ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധി തട്ടിൽ, എബിമോൻ തണ്ടാശ്ശേരി, വിജീഷ് കിഴക്കേപുറം, വിഷ്ണു വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

കോഴിക്കോട്  കെ.എസ്.യു പ്രവർത്തകർ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസ് താഴിട്ട് പൂട്ടി. ഒരു മണിക്കൂറോളം ഓഫീസ് ഉപരോധിച്ചു. പൊലീസ് എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. പിന്നീട് കൂടുതൽ പൊലീസെത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.