മന്ത്രി ആർ. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു; തൊട്ടുമുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ

Jaihind Webdesk
Wednesday, November 8, 2023

 

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സെക്രട്ടേറിയറ്റ് അനക്സ് ടുവില്‍ മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെയായിരുന്നു കെഎസ്‌യു പ്രവർത്തകര്‍ പ്രതിഷേധവുമായി ഇരച്ചെത്തിയത്. മന്ത്രിയുടെ തൊട്ടുമുന്നിലെത്തിയ പ്രവർത്തകർ ‘രാജിവെച്ച് പോ പുറത്ത്’ എന്ന് മുദ്രാവാക്യം വിളിച്ചു. അപ്രതീക്ഷിത നീക്കത്തില്‍ മന്ത്രിയും പോലീസും ഒരു നിമിഷം പതറി. പോലീസും മന്ത്രിയുടെ സ്റ്റാഫും ചേർന്ന് പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറി, ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയങ്ങള്‍ എന്നിവ ഉയർത്തി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കെഎസ്‌യു സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. പോലീസ് നരനായാട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.