ഹർത്താല്‍ : തിങ്കളാഴ്ച കെഎസ്ആര്‍ടിസി സാധാരണ സര്‍വീസ് ഇല്ല ; അവശ്യ സർവീസ് മാത്രം

Jaihind Webdesk
Sunday, September 26, 2021

തിരുവനന്തപുരം : തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകള്‍ തിങ്കളാഴ്ച ഉണ്ടാകില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലും സാധാരണഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എം.ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍ പൊലീസിന്‍റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്‍റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാന്‍ ശ്രമിക്കും.

എന്നാല്‍, ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ സര്‍വീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ അയക്കുന്നതിന് ബസുകളും ജീവനക്കാരെയും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.