ജൂണിലെ ശമ്പളം ഇതുവരെ കൊടുത്തുതീർന്നില്ല: പ്രതിസന്ധി മാറാതെ കെഎസ്ആർടിസി; സർക്കാർ നിലപാട് നിർണായകം

Jaihind Webdesk
Sunday, July 31, 2022

 

തിരുവനന്തപുരം: ജൂലൈ മാസം അവസാനിച്ചിട്ടും കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധിക്ക് പരിഹാരമില്ല. കണ്ടക്ടർ ഡ്രൈവർ തസ്തികയിലുള്ളവർക്കും കരാർ ജീവനക്കാർക്കും മാത്രമാണ് ജൂണ്‍ മാസത്തെ ശമ്പളം ലഭിച്ചത്. ജൂലൈ മാസത്തെ ശമ്പളവിതരണം ഓഗസ്റ്റ് അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്.  ഡ്രൈവർ കണ്ടക്ടർ, സ്വീപ്പർ തസ്തികയിൽ ഉള്ളവർക്ക് മാത്രമാണ് കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളം ലഭിച്ചത്. മെക്കാനിക്ക്, മിനിസ്റ്റീരിയൽ സ്റ്റാഫ് സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിറ്റി, വെഹിക്കിൾ സൂപ്പർവൈസർ, ഉൾപ്പെടെയുള്ള തസ്തികകളിൽ ഉള്ളവർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇതുവരെയും ജൂൺ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. 9,000 ജീവനക്കാരാണ് കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളത്തിനായി കാത്തിരിക്കുന്നത്. ഇവർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ 32 കോടി രൂപ കൂടിയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ഇത് എവിടെ നിന്ന് കണ്ടെത്തുമെന്നതിന് കെഎസ്ആർടിസി മാനേജ്മെന്‍റ് വ്യക്തമായ മറുപടി ഇതുവരെ നൽകിയിട്ടില്ല. അതിനിടയിലാണ് ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് മാസം അഞ്ചിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാരിനോട് 65 കോടി രൂപ മാനേജ്മെന്‍റ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും സർക്കാരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

കെഎസ്ആര്‍ടിസിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്. 180 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഒരുമാസത്തെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ 3,500 കോടിയിലേറെ രൂപ നഷ്ടത്തിലാണ് കെഎസ്ആർടിസി ഓടുന്നത്. വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകണമെങ്കില്‍ ഒരു ദിവസം എട്ട് കോടിയെങ്കിലും വരുമാനം ലഭിക്കേണ്ടതുണ്ട് എന്നാണ് കെഎസ്ആർടിസി കോടതിയില്‍ അറിയിച്ചത്. സർക്കാർ സഹായമില്ലാതെ കെഎസ്ആർടിസിക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയ സാഹചര്യത്തിൽ, സർക്കാർ എടുക്കുന്ന നിലപാടാണ് നിർണായകമാവുക.