തൊട്ടതെല്ലാം പാളി കെഎസ്ആർടിസി; കീറാമുട്ടിയായി ശമ്പള പ്രതിസന്ധി

Jaihind Webdesk
Friday, August 12, 2022

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. ജൂലൈ മാസത്തെ ശമ്പളം ഇനിയും ജീവനക്കാർക്ക് വിതരണം ചെയ്തിട്ടില്ല. പത്താം തീയതി ശമ്പളം നൽകാമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ ഉറപ്പ്. അതേസമയം ശമ്പളം വിതരണം ചെയ്യാൻ സർക്കാരിനോട് കെഎസ്ആർടിസി തുക ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.

കഴിഞ്ഞമാസം മാനേജ്മെന്‍റ് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഈ മാസം പത്തിന് മുമ്പ് ജൂലൈ മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകാമെന്ന് ഉറപ്പ് നൽകിയത്. പത്താം തീയതി കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടിട്ടും ഇതുവരെയും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളവിതരണം വൈകുന്നതിൽ കെഎസ്ആർടിസി സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും നടത്തിയത്. ഇതിനിടെ പ്രശ്നപരിഹാരത്തിനായി മാനേജ്മെന്‍റ് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. അതിനിടെ മുമ്പ് നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയും മാനേജ്മെന്‍റ് സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇതിൽ 50 കോടി രൂപ നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ് മാനേജ്മെന്‍റ് ആവശ്യപ്പെടുന്നത്. ബാക്കി വരുന്ന 50 കോടി രൂപയിൽ ജൂലൈ മാസത്തെ ശമ്പള വിതരണം നടത്താനാണ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. എന്നാൽ കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചെങ്കിലും അതും ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയായി ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെന്‍റ്. അതിനിടെ സർക്കാരിൽ നിന്നുള്ള തുക ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി.

അതേസമയം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഈ മാസം പതിനേഴിന് മാനേജ്മെന്‍റിനേയും അംഗീകൃത തൊഴിലാളി യൂണിയനുകളേയും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിൽ ഡീസൽ ക്ഷാമം ചൂണ്ടിക്കാട്ടി സർവീസുകൾ വെട്ടിച്ചുരുക്കിയത് വിവാദമായതിന് പിന്നാലെയാണ് ചർച്ച. യൂണിയനുകൾ സർവീസുകൾ ചുരുക്കുന്നതും ശമ്പള പ്രതിസന്ധിയും സ്വിഫ്റ്റിന്‍റെ കടന്നുകയറ്റവും ചർച്ചയിൽ ഉന്നയിക്കും. സർക്കാരിന്‍റെ നിലപാട് മന്ത്രിമാർ വ്യക്തമാക്കുകൊന്നതോടെ മാനേജ്മെന്‍റ് തുടർന്ന് സ്വീകരിക്കുന്ന നടപടികളും നിർണ്ണായകമാകും.