മാസ്ക് ധരിക്കാത്തതിന് യാത്രക്കാരന്‍റെ കൈ അടിച്ച് പൊട്ടിച്ച് കെഎസ്ആർടിസി ജീവനക്കാരന്‍

Jaihind Webdesk
Saturday, April 24, 2021

കൊച്ചി : അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലിരുന്നയാള്‍ക്ക് ജീവനക്കാരന്‍റെ ക്രൂര മര്‍ദനം. മാസ്ക് ധരിക്കാത്തതിന്  വടി കൊണ്ടുള്ള അടിയില്‍ ഇയാളുടെ കൈ പൊട്ടി ചോരയൊലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അങ്കമാലി ബസ് സ്റ്റേഷനില്‍ ഇരുന്നയാളെ മാസ്ക് ധരിക്കാത്തതിന്‍റെ പേരില്‍ ജീവനക്കാരൻ വടി കൊണ്ട് തല്ലിയത്. തുടരെയുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച ഇയാള്‍ നിലത്തുകിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ തമിഴ് നാട് സ്വദേശിയാണെന്നാണ് സൂചന. ചോരയൊലിപ്പിച്ച് നിലത്തുകിടന്നയാളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ടതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്ഥലത്ത് പ്രതിഷേധമുയർത്തി. തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ ഇയാളെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.