ഇടുക്കി നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം

 

ഇടുക്കി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപം മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.വന്‍ അപകടമാണ് ഒഴിവായത്.

വലിയ ചെങ്കുത്തായ ഇറക്കം പിന്നിട്ട് സമതല പ്രദേശത്ത് എത്തിയപ്പോഴാണ് ബസ് മതിലിൽ ഇടിച്ചു മറിഞ്ഞത്. ബസ് മുന്നോട്ടു പോയാലും നേര്യമംഗലം പാലത്തിന് ശേഷം കൊടും വളവുകളും കൊക്കയുമാണ്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

കണ്ടക്ടർ അടിമാലി മന്നാംകാല സ്വദേശി ഇ.എച്ച് ഹുസൈൻ, ഡ്രൈവർ മൂന്നാർ സ്വദേശി ജി പരമേശ്വരൻ എന്നിവർക്ക് പരിക്കുണ്ട്. ഇവർ ഉൾപ്പെടെ ചെറിയ പരിക്കുകൾ ഉള്ളവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിലെ ബസാണ് അപകടത്തിപ്പെട്ടത്. മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ വിദേശികളും ബസിൽ ഉണ്ടായിരുന്നു.

Comments (0)
Add Comment