വ്യാജ കത്തില്‍ അന്വേഷണം വേണം; ഡിജിപിക്ക് പരാതി നല്‍കി കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Sunday, November 20, 2022

തിരുവനന്തപുരം: വ്യാജ കത്തിന്‍റെ  അടിസ്ഥാനത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉള്‍പ്പെടെ ചില പത്ര,ദൃശ്യ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തനിക്കെതിരായി വാര്‍ത്ത നല്‍കിയതിന്‍റെ  നിജസ്ഥിതിയും അതിന്‍റെ ഉറവിടവും കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി പോലീസ് മേധാവിക്ക് പരാതി നല്‍കി.

ഇത്തരമൊരു വ്യാജ കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വരെ എത്രയും വേഗം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം . അതിനാവശ്യമായ എല്ലാ പിന്തുണയും സഹകരണവും കെപിസിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകും . അടിസ്ഥാന രഹിതമായ വാര്‍ത്ത വന്നതിന് പിന്നാലെ അത് നിഷേധിച്ച് താന്‍ പ്രസ്താവന ഇറക്കിയെങ്കിലും ആ കത്ത് സംബന്ധിച്ച വാര്‍ത്ത പിന്‍വലിക്കാതെ അന്നേ ദിവസം മുഴുവനും ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തു. തുടര്‍ന്ന് വണ്‍ ഫോര്‍ട്ടി ന്യൂസ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നുവെന്നും പത്രപ്രസ്ഥാവനയിലൂടെ കെപിസിസി അദ്ധ്യക്ഷന്‍ അറിച്ചു.

വ്യാജരേഖ ചമയ്ക്കുകയും അതിലൂടെ മാനഹാനിയും വ്യക്തിഹത്യയും നടത്തുകയും , വ്യാജരേഖ ചമയ്ക്കാനും പ്രചരിപ്പിക്കാനും കൂട്ടുനില്‍ക്കുന്നതിലൂടെ ഇതില്‍ പങ്കാളികളായവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന ഐപിസി 465,469,471 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായും ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.