കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ്: ഏപ്രില്‍ 1 ന് പെരുമാറ്റച്ചട്ടം നിലവില്‍ വരും; അംഗത്വവിതരണ ക്യാമ്പെയ്ന് ഫെബ്രുവരി 26ന് തുടക്കം

Jaihind Webdesk
Saturday, February 19, 2022

തിരുവനന്തപുരം : കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് ഈ മാസം 26-ഓട് കൂടി ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വര. ഏപ്രില്‍ 1 മുതല്‍ സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പ്രക്രിയ ആരംഭിക്കും. അന്നുമുതല്‍ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍വരും. അതുവരെ നിലവിലെ പുനഃസംഘടനയ്ക്ക് തടസമില്ലെന്നും അദ്ദേഹം അറിയിച്ചു.

രാജ്യവ്യാപകമായി കോണ്‍ഗ്രസിന്‍റെ അംഗത്വ വിതരണ ക്യാമ്പെയ്ന്‍ പ്രക്രിയ മുന്നോട്ടുപോവുകയാണെന്ന് ജി പരമേശ്വര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് തരത്തിലുള്ള അംഗത്വ വിതരണമാണ് എഐസിസി ആവിഷ്‌കരിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള അംഗത്വ വിതരണത്തിന് പുറമെ ഡിജിറ്റല്‍ രീതിയിലും ഇത്തവണ അംഗത്വമെടുക്കാം. അഞ്ച് രൂപയാണ് അംഗത്വഫീസ്. അംഗത്വവിതരണത്തിനുള്ള ബുക്കുകൾ എല്ലാ ഡിസിസി ഓഫീസുകളിലും എത്തിച്ചിട്ടുണ്ട്. ഉടന്‍ തന്നെ താഴെതട്ടിലേക്ക് വിതരണം ചെയ്യും. ഇതിന് പുറമെ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് വിതരണവും ആരംഭിക്കും.

ഫെബ്രുവരി 26 ന് തുടക്കം കുറിക്കുന്ന അംഗത്വവിതരണം മാര്‍ച്ച് 31 ന് അവസാനിക്കും. ഏപ്രില്‍ 1 മുതല്‍ സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതുവരെ പുനഃസംഘടനയുമായി മുന്നോട്ട് പോകാം.  ഇതിനുശേഷം സംസ്ഥാന തലത്തില്‍ ഒരു പുനഃസംഘടനയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലോക്ക്, ജില്ല, പിസിസി, ദേശീയതലത്തില്‍ വരെ സംഘടനാ തെരഞ്ഞെടുപ്പിലുടെ ഭാരവാഹികളെ തെരഞ്ഞെടുക്കും. എല്ലാ തലങ്ങളിലും സമവായം ഉണ്ടായാല്‍ നാമനിര്‍ദ്ദേശം നടക്കും. അതല്ലെങ്കില്‍ ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടക്കും. ബൂത്തുകളില്‍ രണ്ട് എന്‍ട്രോളര്‍മാരെ നിയമിക്കും. ഇതില്‍ ഒരാള്‍ വനിതയായിരിക്കും. ഇവര്‍ക്ക് ഡിസിസി തലത്തില്‍ പരിശീലനം നല്‍കും. അംഗത്വ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെപിസിസി കേന്ദ്രീകരിച്ച് ഒരു വര്‍ക്കിംഗ് പ്രസിഡന്‍റിനെയും ഒരു ജനറല്‍ സെക്രട്ടറിയേയും ചുമതലപ്പെടുത്തും. ജില്ലകള്‍ അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വൈസ് പ്രസിഡന്‍റുമാര്‍ക്കോ ജനറല്‍ സെക്രട്ടറിമാര്‍ക്കോ ചുമതല നല്‍കും.

ഈ മാസം 26ന് എഐസിസി അംഗങ്ങള്‍, പിസിസി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പ്രസിഡന്‍റുമാര്‍ എന്നിവര്‍ക്കായി പരിശീലന ശില്‍പ്പശാല നടത്തും. എഐസിസിയുടെ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കും. സെപ്റ്റംബറില്‍ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കും.

https://www.facebook.com/JaihindNewsChannel/videos/1343564759448547/