കെ.പി ശശികലയ്ക്ക് ജാമ്യം; ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് ശശികല

Jaihind Webdesk
Saturday, November 17, 2018

ശബരിമലയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. ഇതേത്തുടര്‍ന്ന് കരിക്ക് കുടിച്ച് ഉപവാസം അവസാനിപ്പിച്ച ശശികല ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് വ്യക്തമാക്കി.

ശശികലയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. തിരുവല്ല ആർഡിഒയാണ് ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്. പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്ന് ശശികല വ്യക്തമാക്കി. പോലീസ് അപമര്യാദയായി പെരുമാറിയില്ല. തൃപ്തി ദേശായിയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ തയ്യാറായ പോലീസാണ് തന്നെ തടഞ്ഞത്.

ഭക്തരോട് സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണ്. മനുഷ്യാവകാശ ലംഘനത്തിന് കേസ് കൊടുക്കാനാണ് തീരുമാനം. ശബരിമലയില്‍ യാതൊരു തരത്തിലുള്ള സൗകര്യങ്ങളുമില്ല. ഇത് ജനങ്ങള്‍ അറിയാതിരിക്കാനാണ് ഭക്തരെ തടയുന്നതെന്നും കെ.പി ശശികല ആരോപിച്ചു.