അബുദാബിയില്‍ പാര്‍ക്കുകളിലും പൊതു ബീച്ചുകളിലും പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം : നിയമം ജൂലൈ 3 മുതല്‍

B.S. Shiju
Thursday, July 2, 2020

അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച മുതല്‍ പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് പരിശോധന നിര്‍ബന്ധമാക്കി. പാര്‍ക്കുകള്‍ക്കൊപ്പം ചില പൊതു ബീച്ചുകളിലേക്കും ഈ നിബന്ധന ബാധകമാണ്. ഉമ്മുല്‍ എമറാത്ത് പാര്‍ക്ക്, അബുദാബിയിലെ ഖലീഫ പാര്‍ക്ക്, അല്‍ ഐനിലെ അല്‍ സുലൈമി പാര്‍ക്ക്, അല്‍ ദഫ്രയിലെ മദീനത്ത് സായിദ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇപ്രകാരം, സന്ദര്‍കര്‍ പ്രവേശനത്തിനായി സ്മാര്‍ട്ട് ഹബ് പ്ലാറ്റ്‌ഫോം വഴി പ്രീ-ബുക്കിംഗ് നടത്തിയിരിക്കണം. നിയമലംഘകര്‍ക്ക് പിഴ ചുമത്തും. വിപുലമായ അണുനശീകരണത്തെ തുടര്‍ന്ന്, അബുദാബി മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ് (ഡിഎംടി) ചില പൊതു പാര്‍ക്കുകളും ബീച്ചുകളും ജൂലൈ മൂന്നിന് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ക്കുകളില്‍ നാല്‍പത് ശതമാനം സ്ഥലം ഉപയോഗിക്കാനുള്ള അനുമതി മാത്രമേ അനുവദിക്കൂ.

ബീച്ചുകളിലേക്കും പൊതു പാര്‍ക്കുകളിലേക്കും പ്രവേശിക്കുന്നതിന് സ്മാര്‍ട്ട് ഹബ് എന്ന പ്ലാറ്റ്‌ഫോം വഴി പ്രീ-ബുക്കിംഗ് ആവശ്യമാണ്. കോവിഡ് -19 ന് നെഗറ്റീവ് പരീക്ഷിച്ചതായി സ്ഥിരീകരിച്ച്, അല്‍ ഹൊസാന്‍ ആപ്ലിക്കേഷനില്‍ സന്ദര്‍ശകര്‍ അവരുടെ ആരോഗ്യനില അപ്ഡേറ്റ് ചെയ്യണം. ശരീര താപനില പരിശോധനയ്ക്ക് പുറമേയാണിത്. കൂടാതെ, വൈറസ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു.