കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം? കോട്ടയത്തെ ‘ദൃശ്യം മോഡല്‍’ ചുരുളഴിയുമ്പോള്‍

Jaihind Webdesk
Monday, October 3, 2022

കോട്ടയം ചങ്ങനാശേരിയിൽ യുവാവിനെ കൊന്ന് വീടിന്‍റെ തറയിൽ മറവു ചെയ്ത കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത.
പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ അനുമാനം. അതേസമയം തന്‍റെ ഭാര്യയുമായി കൊല്ലപ്പെട്ടയാൾക്ക് ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയെന്ന് മുത്തുകുമാർ പോലീസിനോട് പറഞ്ഞു.

ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി ചങ്ങനാശേരി എസി കോളനിയിലെ വീടിന്‍റെ തറയിൽ മറവ് ചെയ്ത കേസിൽ രണ്ടുപേർ കൂടി ഉടൻ പോലീസ് പിടിയിലാകുമെന്ന് സൂചന. മുഖ്യപ്രതി മുത്തു കുമാറിനെ കഴിഞ്ഞ ശനിയാഴ്ച രാത്രി ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാൾ കുറ്റം സമ്മതിച്ചു. എന്നാൽ ബിന്ദുമോന്‍റെ കൊലപാതത്തിൽ ഇയാളെ രണ്ടുപേർ സഹായിച്ചിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ബിന്ദുമോന്‍റെ കൊലപാതകത്തിന് ശേഷം ആലപ്പുഴയിൽ ഒളിച്ചു കഴിയുന്നതിനിടയാണ് മുത്തുകുമാറിനെ പോലീസ് പിടികൂടുന്നത്. തുടർന്ന് ഇന്നലെ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എസി കോളനിയിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

അതേസമയം ബിന്ദുമോന്‍റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം പോലീസിനോട് പ്രതി വെളിപ്പെടുത്തി. പ്രതി മുത്തുകുമാറിന്‍റെ ഭാര്യയുമായി കൊല്ലപ്പെട്ട ബിന്ദുമോന് സൗഹൃദം ഉണ്ടായിരുന്നു . ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. മുത്തു കുമാറിന്‍റെ ഭാര്യ ഗൾഫിലാണ് ജോലി ചെയ്യുന്നത് . ഒരുമാസം മുമ്പ് വീട്ടിലേക്ക് പണം അയച്ചപ്പോൾ 5,000 രൂപ ബിന്ദുമോന് നൽകണമെന്ന് ഭാര്യ മുത്തുകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇരുവർക്കും ഇടയിൽ വഴക്കുണ്ടാകുകയും ചെയ്തു. ഇതോടെയാണ് ബിന്ദുമോന് തൻറെ ഭാര്യമായും ബന്ധം ഉണ്ടെന്ന് മുത്തുകുമാറിന് സംശയമുണ്ടായത്. വാരിയെല്ല് തകരുംവിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് ബിന്ദുമോന്‍റെ മരണകാരണമെന്ന് പോസ്മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞിരുന്നു. അറസ്റ്റിലായ മുത്തു കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.