ഓയൂരിലെ തട്ടിക്കൊണ്ടുപോക്ക്; മൂന്ന് പേർക്ക് മാത്രം പങ്കെന്ന് പോലീസ്

Jaihind Webdesk
Sunday, December 3, 2023

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർക്ക് മാത്രം പങ്കെന്ന വാദത്തിൽ ഉറച്ച് പോലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും. പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് പോലീസിന്‍റെ നീക്കം.

മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ​ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.  ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേടൊപ്പം ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.