സമരം ചെയുന്ന കന്യാസ്ത്രീകളെ അധിഷേപിച്ച് കോടിയേരി ബാലകൃഷ്ണൻ

Jaihind Webdesk
Friday, September 21, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനായി സമരം ചെയുന്ന കന്യാസ്ത്രീകളെ അധിഷേപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കന്യാസ്ത്രീകളുടെ സമരം സർക്കാരിനെ അട്ടിമറിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നു.

സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് കന്യാസ്ത്രീകളുടെ സമരത്തെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ രംഗത്ത് എത്തിയത്. ബിഷപ്പ് കേസും സ്ത്രീ സുരക്ഷാനയവും എന്ന തലക്കെട്ടിൽ പ്രസീദ്ധീകരിച്ച ലേഖനത്തിലാണ് സമരം സർക്കാരിന് എതിരാണെന്ന് കോടിയേരി വ്യഖാനിക്കുന്നത്.

സമരസമിതി നടത്തുന്ന സമരം സമരകോലാഹാലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിനെതിരെ ദേശാഭിമാനിയില്‍ കോടിയേരിയുടെ  ലേഖനം.

സമരം തെറ്റായ പാതിയലാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെടുന്നു. സമരം സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ശ്രമം നടക്കുന്നു. സമരത്തിന്റെ മറവിൽ ഇടതു സർക്കാരിനും സി.പിഎമ്മിനും എതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം രാഷ്ട്രീയ ശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമര പരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു.

അതേ സമയം കന്യാസ്ത്രീകളുടെ സമരത്തെ വിമർശിച്ച പാർട്ടി സെക്രട്ടറിയുടെ നിലപാടിനെ മന്ത്രി ഇ.പി ജയരാജൻ തള്ളി. സർക്കാർ ഇരയോടൊപ്പമാണെന്നും കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.