പ്രളയത്തെത്തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

webdesk
Wednesday, August 29, 2018

കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ ആഭ്യന്തര-രാജ്യാന്തര സർവീസുകൾ തുടങ്ങി. ഇൻഡിഗോയുടെ ബംഗളുരുവിൽ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങിയത്. ഇതുൾപ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍‌ വന്നുപോകുന്നത്.

പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റുമതിലിൽ രണ്ടര കിലോമീറ്ററോളം തകർന്നു. പാർക്കിങ് ബേയിലും ടെർമിനലുകളിലും വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 350 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കണക്കുകള്‍.

വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ അറിയിച്ചു.