കെ എം ബഷീറിന്റെ കൊലപാതകം: ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി

Jaihind Webdesk
Friday, August 26, 2022

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം തേടിയത്. സിബിഐക്ക് നോട്ടീസയക്കാനും കോടതി നിർദേശിച്ചു. ഹർജി ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

അപകട ദിവസം കെ എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ഈ ഫോൺ കണ്ടെത്താൻ പൊലീസിന് ഇതുവരെയും കഴിയാത്തത് ദുരൂഹമാണെന്നുള്ള ഗുരുതരമായ ആരോപണവും ഹർജിയിലുണ്ട്. കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകൾ ബഷീറിന്റെ പക്കൽ ഉണ്ടായിരുന്നെന്നെന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറയുന്നു.

കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ വെങ്കിട്ടരാമനേയും വഫയേയും ബഷീർ കാണുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബൈൽ കൈവശപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷെ ബഷീർ സമ്മതിച്ചില്ല. ഇതിന്റെ വിരോധം ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും സഹോദരന്‍ നല്‍കിയ ഹർജിയിലുണ്ട്.

2019 ആഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നരയ്ക്ക് മദ്യലഹരിയിൽ ശ്രീറാമോടിച്ച കാറിടിച്ചാണ് കെ എം ബഷീർ കൊല്ലപ്പെട്ടത്. ബഷീർ മരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല.