സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു; മന്ത്രി എ.സി മൊയ്തീന്‍റെ സ്‌പെഷ്യല്‍ പിഎസിനെതിരെ മുഖ്യമന്ത്രിക്ക് കെ.കെ ഉസ്മാന്‍റെ പരാതി

Jaihind News Bureau
Wednesday, May 13, 2020

പ്രതിപക്ഷ നേതാവിനെയും തന്നെയും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പിക്കെതിരെ മുഖ്യമന്ത്രിക്ക് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.കെ ഉസ്മാന്‍റെ പരാതി.

പൂർണ്ണ ഗർഭിണിയായ മകളോടൊപ്പം പത്തിന് നാട്ടിലെത്തിയ തന്നെ  വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് രാജാറാം തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളേറെയുമെന്ന് ഉസ്മാന്‍ പരാതിയില്‍ പറയുന്നു. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പദവി ഉപയോഗിച്ച് വ്യക്തിഹത്യയും, മാനഹാനിയുമുണ്ടാക്കുന്ന രാജാറാം തമ്പിയെ ഔദ്യോഗികസ്ഥാനത്തു നിന്നും നീക്കണമെന്നും നിയമനടപടിക്ക് വിധേയമാക്കണമെന്നും  ഉസ്മാന്‍ പരാതിയിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കയച്ച പരാതിയുടെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരം പാറക്കടവ് സ്വദേശി കെ കെ ഉസ്മാൻ
(വൈസ് പ്രസിഡണ്ട് ഒ ഐ സി സി ഗ്ളോബൽ കമ്മിറ്റി) പരാതിപ്പെടുന്നത്

സർ

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ .എ സി മൊയ്തീന്റെ സ്പെഷ്യൽ പ്രൈവററ് സെക്രട്ടറിയായ രാജാറാം തമ്പി എനിക്കെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വ്യക്തി ഹത്യ നടത്തി ക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പൊതുപ്രവർത്തകനെന്ന നിലക്ക് എന്നാലാവുന്ന സേവനം ഖത്തറിലെ പ്രവാസ ജീവിതത്തിനിടക്ക് ചെയ്ത ആളാണ് ഞാൻ. പൂർണ്ണ ഗർഭിണിയായ മകളോടൊപ്പം ഇക്കഴിഞ്ഞ പത്തിന് നാട്ടിലെത്തിയ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് രാജാറാം തമ്പിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളേറെയും.ഇദ്ദേഹത്തിന്റെ പോസ്റ്റുകളെ പിൻപറ്റി ചിലർ ഉസ്മാനെന്ന ഒരാൾ ജീവിച്ചിരിപ്പില്ല എന്ന് വരെ ട്രോളുകൾ പടച്ചു വിടുകയുണ്ടായി.കേരളത്തിന്റെ ബഹുമാനപ്പെട്ടപ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകളും രാജാറാം തമ്പി നടത്തുകയുണ്ടായി.പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനായ രാജാറാം തമ്പി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവിനേ ആക്ഷേപിക്കുന്നത് എല്ലാ ചട്ടങ്ങളുടേയും ലംഘനമാണ്.ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബഹുമാന്യവ്യക്തികളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിതത്തില്‍ ട്രോളുകളിറക്കുന്നതിനുള്ള സംഘം പ്രവർത്തിക്കുന്നതായും സംശയമുണ്ട്. മാന്യമായി ജീവിക്കുകയും കുടുംബം പുലർത്തുകയും ചെയ്യുന്ന എന്നെ പോലുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതിന് ഒരു മന്ത്രിയുടെ ഓഫീസിനെ തന്നെ ദുരുപയോഗം ചെയ്യുകയാണ് .നാല് പതിറ്റാണ്ടുകാലം പ്രവാസ ലോകത്ത് പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്ന ഞാൻ ഇന്നേവരെ ഒരു വിവാദത്തിനും ഇരയായിട്ടില്ല. ഏക മകളുടെ പ്രസവത്തിനായി അവളോടൊപ്പം നാട്ടിലെത്തിയ എനിക്കെതിരെ രാജാറാം തമ്പി നടത്തിയ വ്യാജ പ്രചാരണം എന്നേയും കുടുംബത്തേയും ഏറെ വേദനിപ്പിച്ചിട്ടുണ്ട്.കോവിഡുമായി ബന്ധപ്പെട്ട് ഗൾഫിലകപ്പെട്ട ഞാനുൾപ്പെടെയുള്ളവരെ സഹായിക്കാനായി പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമങ്ങളെ ഇകഴ്ത്താനാണ് മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി നീക്കം നടത്തുന്നത്.
ആയതിനാൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പദവി ഉപയോഗിച്ച് വ്യക്തിഹത്യയും, മാനഹാനിയുമുണ്ടാക്കുന്ന രാജാറാം തമ്പിയെ ഔദ്യോഗിക സ്ഥാനത്തു നിന്നും നീക്കണമെന്നും നിയമനടപടിക്ക് വിധേയമാക്കണമെന്നും ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയോട് വിനീതമായി അപേക്ഷിക്കുന്നു
എന്ന്

കെ കെ ഉസ്മാന്‍
പാറക്കടവ് പി ഒ
673509