കരഞ്ഞ് തീർക്കുക… വേറെ വഴിയില്ല; എന്‍റെ ഭർത്താവിനേയും അവർ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി…

Jaihind Webdesk
Friday, February 22, 2019

കൊലപാതക രാഷ്ട്രീയത്തിന്‍റെ പക നിറഞ്ഞ സിപിഎം ഗുണ്ടകള്‍ പൈശാചികമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിലേയ്ക്ക് അതേ രാക്ഷസക്കൂട്ടരാല്‍ വെട്ടി നുറുക്കപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ വിധവ കെ.കെ.രമ എത്തിയപ്പോൾ പെരിയയിലെ രണ്ട് വീടുകളിലും വീണ്ടും മരണത്തിന്‍റെ നിലവിളി ശബ്ദം മുഴങ്ങി. പ്രതീക്ഷയുടെയും പ്രത്യാശയുടെയും നെടും തൂണുകള്‍ വെട്ടിയരിയപ്പെട്ട… എല്ലാം നഷ്ടപ്പെട്ട ഒരേ വേദന അനുഭവിക്കുന്നവര്‍ക്ക് വാക്കുകള്‍ക്കുപരി ഹൃദയവേദന മനസ്സിലാക്കാനാകും. അവർക്കിനി ഒന്നുമില്ല… ഓർമ്മകൾ അല്ലാതെ…

രമ എത്തുമ്പോൾ കട്ടിലിൽ ക്ഷീണിതയായി കിടക്കുകയായിരുന്നു ശരത്‌ലാലിന്‍റെ അമ്മ ലത. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തലോടെ കട്ടിലിലിരുന്ന രമയുടെ കൈ മുറുക്കിപ്പിടിച്ച ആ അമ്മ വിതുമ്പി. ഒന്നും പറയാനാകാതെ നിറകണ്ണുകളോടെ രമയും. ഇതേ വേദനയിലൂടെ കടന്നുപോയ നാളുകൾ മനസ്സിലൂടെ കടന്നുപോയതിനാലാകാം പൊട്ടിക്കരഞ്ഞ ലതയോട് പറഞ്ഞ ആശ്വാസ വാക്കുകൾ കൊലപാതക രാഷ്ട്രീയത്തിന്‍റെ ഭീകരതകളിലേക്ക് ചെന്ന് നിന്നത്.

തന്റെ ഭർത്താവിന്റെ കൊലപാതകവും അതിനോട് ചേർന്ന് അതിന് മുമ്പും ശേഷവും ഉണ്ടായ കാര്യങ്ങൾ പറയുമ്പോൾ രമയ്ക്കും കണ്ണീരടക്കാനായില്ല. മുറിക്കകത്തുണ്ടായിരുന്നവരെല്ലാം തേങ്ങുകയും വിതുമ്പുകയും ചെയ്യുന്ന വൈകാരിക നിമിഷങ്ങൾ കൂട്ട നിലവിളിയിലേക്കെത്തി.

കൃപേഷിന്‍റെ വീട്ടിലെത്തി അമ്മ ബാലാമണിയ്ക്ക് സമീപം കട്ടിലിലിരുന്ന് അവരുടെ കൈചേർത്തുപിടിച്ച് രമ ഇരുന്നപ്പോൾ അർത്ഥഗർഭമായ മൗനം മാത്രമായിരുന്നു ഏറെ നേരം ഇരുവർക്കും ഇടയിൽ. പിന്നെ ഒരേ വേദനയിലൂടെ കടന്നുപോകുന്നവരുടെ വിങ്ങലും പൊട്ടിക്കരച്ചിലും…

മകന് വെട്ടേറ്റ സ്ഥലത്ത് അഞ്ചാറ് വീടുണ്ടെങ്കിലും അക്രമം നടന്ന സമയത്ത് ആ വീടുകളിൽ ആരുമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പത്തിരുപത്തഞ്ച് വണ്ടിയുള്ള ശാസ്ത എന്ന് പറയുന്ന വീട്ടിൽ പക്ഷേ ആ സമയത്ത് ഒരു കാറും മറ്റൊരു വണ്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയൊക്കെ മാറ്റിയിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് കൊലപ്പെടുത്താൻ മുൻകൂർ തയ്യാറാക്കിയ പദ്ധതി നടപ്പാക്കിയത് ഇവരുടെയെല്ലാം ഒത്താശയോടെ ആണ് എന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിലേ എല്ലാ തെളിവും പുറത്തുവരൂ എന്നും കൃപേഷിന്റെ പിതാവ് രോഷത്തോടും വിങ്ങലോടും പറഞ്ഞു.

അതിനിടെ തന്‍റെ ഭർത്താവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനുമുമ്പ് കൊലവിളിപ്രസംഗം നടത്തിയിരുന്നുവെന്നും അതിന് സമാനമായാണ് കല്യോട്ടും ഒരു ജില്ലാനേതാവ് കൊലവിളിപ്രസംഗം നടത്തിയതെന്നും കെ.കെ.രമ പറഞ്ഞു. ചന്ദ്രശേഖരന്റെ തല തെങ്ങിൻപൂക്കുലപോലെ ചിതറുമെന്നായിരുന്നു അന്ന് ഒരു പ്രാദേശികനേതാവ് പ്രസംഗിച്ചത്. ഇവിടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊല്ലുന്നതിന് ആഴ്ചകൾക്കുമുമ്പ് ഇതേരീതിയിൽ കൊലവിളിപ്രസംഗം നടത്തി. തങ്ങളിതാ ജീവനെടുക്കാൻ തയ്യാറെടുത്തിരിക്കുന്നുവെന്ന ധ്വനി നാടിനു നൽകുകയാണ് സിപിഎം. നേതാക്കൾ ചെയ്യുന്നതെന്നും രമ ആരോപിച്ചു.

‘ഒരാൾ മാത്രം പ്ലാൻചെയ്താൽ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാൻ കാരണമായതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർഥപ്രതികൾ ശിക്ഷിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അന്വേഷണം സിബിഐ.ക്ക് വിടണം’ -രമ പറഞ്ഞു.

മുസ്തഫയുടെ പ്രസംഗത്തോടെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് നിസംശയം തെളിഞ്ഞിരിക്കുകയാണെന്നും നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.