പെരിയ : സി.ബി.ഐ. അന്വേഷണം വൈകുന്നത് സര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, March 2, 2020

സി.പി.എമ്മുകാര്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക്കേസില്‍ സി.ബി.ഐ അന്വേഷണം വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് ഡയറിയും രേഖകളും സി.ബി.ഐയ്ക്കു കൈമാറാതെ ക്രൈംബ്രാഞ്ച് ഇപ്പോഴും പിടിച്ചുവച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേട്ടത്. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസ് സി.ബി.ഐ കഴിഞ്ഞ ഒക്‌ടോബര്‍ 25 ന് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. സി.പി.എമ്മുകാരായ പ്രതികളേയും ഇതില്‍ ഗൂഢാലോചന നടത്തിയ സി.പി.എം നേതാക്കളേയും രക്ഷിക്കാന്‍ സര്‍ക്കാര്‍ സര്‍വസന്നാഹങ്ങളും ഉപയോഗിക്കുകയാണ്.

കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ അട്ടിമറിക്കാന്‍ ഖജനാവില്‍ നിന്ന് 86 ലക്ഷം രൂപമുടക്കിയാണ് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കിയത്. മോദി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന മനീന്ദര്‍ സിംഗ്, രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് പെരിയകേസ് അട്ടിമറിക്കാന്‍ ഡല്‍ഹിയില്‍ നിന്നു കൊണ്ടുവന്നത്. നിരപരാധികളെ വെട്ടിക്കൊന്ന ശേഷം പ്രതികളെ രക്ഷിക്കാന്‍ പൊതുജനത്തിന്റെ പണം ചെലവഴിക്കുന്നത് എന്തു ജനാധിപത്യമര്യാദയാണെന്ന് മുല്ലപ്പള്ളി ചോദിച്ചു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മും സര്‍ക്കാരും എടുക്കുന്ന ഓരോ നടപടിയും ഈ കേസില്‍ അവര്‍ക്കുള്ള ഗാഢ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ്. ഈ കൊലപാതകക്കേസില്‍ തുടക്കം മുതല്‍ പോലീസ് സി.പി.എമ്മിനു വേണ്ടി പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും അത് വെളിവാക്കുന്നതാണ് സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.