ഫുള്‍ A+ നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു : മരണശേഷം കൊവിഡ് പോസ്റ്റീവാണെന്ന് കണ്ടെത്തി

B.S. Shiju
Wednesday, July 1, 2020

ദുബായ് : എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ A+ നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴുഞ്ഞു വീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കല്‍ ( 50 ) ആണ് മരിച്ചത്. യുഎഇയിലെ റാസല്‍ഖൈമ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് വേദനാജനകമായ സംഭവം നടന്നത്. അതേസമയം, മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ പവിത്രന് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതായി നാട്ടുകാര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.


‘നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത് ജോലി ഇല്ലാതായതിനാല്‍’

അജ്മാനിലെ ഒരു ജ്വല്ലറി സ്ഥാപനത്തിന് കീഴില്‍ സ്വര്‍ണ്ണപ്പണി തൊഴിലാളിയായ പവിത്രന്‍ മൂന്നു മാസത്തോളമായി ജോലി ഇല്ലാതെ കഴിയുകയായിരുന്നു. സ്വര്‍ണ്ണക്കട പ്രവര്‍ത്തനത്തെ കൊവിഡ് പ്രത്യാഘാതം ബാധിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനം പ്രവര്‍ത്തിക്കാതെയായത്. തുടര്‍ന്ന്, റാസല്‍ഖൈ കേന്ദ്രമായ ചേതന എന്ന പ്രവാസി കൂട്ടായ്മയുടെ കൂടി സഹകരണത്തോടെ, വിമാനടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന് പോകാന്‍, അജ്മാനില്‍ നിന്നും ബസ് മാര്‍ഗമാണ് ഇദ്ദേഹം എത്തിയത്.


മകന് അപ്രതീക്ഷതി സമ്മാനം ; തേടിയെത്തിയത് മരണവാര്‍ത്ത

എസ് എസ് എല്‍ സി പരീക്ഷാഫലം വന്ന ജൂണ്‍ മുപ്പത്തിന് തന്നെ മടങ്ങാനായിരുന്നു പരിപാടി. ഇപ്രകാരം, പരീക്ഷയില്‍ ഫുള്‍ എ-പ്‌ളസ് കിട്ടിയ മകന്‍ ധനൂപിന് അപ്രതീക്ഷിത സമ്മാനവുമായി മടങ്ങുകയായിരുന്നു പിതാവ്.  സമ്മാനമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണമെന്നാണ് പവിത്രന്‍ തന്നോട് പറഞ്ഞിരുന്നതെന്ന് സുഹൃത്തും നാട്ടുകാരനും ചേതന റാസല്‍ഖൈമ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷാജി കായക്കൊടി, ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പവിത്രനെ യാത്രയാക്കാന്‍ രാത്രി എയര്‍പോര്‍ട്ടിലെത്തി പത്തിലധികം തവണ ഫോണ്‍ ചെയ്‌തെങ്കിലും ഫോണില്‍ കിട്ടിയില്ല. യാത്രാ നടപടികളുടെ തിരക്ക് മൂലം ഫോണ്‍ എടുക്കാത്തതാകാമെന്ന് കരുതി ഷാജിയും സുഹൃത്തും പിന്നീട് മടങ്ങി. എന്നാല്‍, രാത്രി വൈകിയാണ് പവിത്രന്‍റെ മരണ വാര്‍ത്ത അറിയുന്നത്. കുഴഞ്ഞു വീണ പവിത്രനെ ഉടന്‍ റാസല്‍ഖൈമയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടാക്‌സി കൂലി കൈപ്പിടിച്ച് കാത്തിരുന്ന ഭാര്യ …

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച് പവിത്രന്‍റെ ഭാര്യ സുമിത്ര അയല്‍വാസിയില്‍ നിന്നും ടാക്‌സി കൂലി വരെ കടം വാങ്ങിയാണ് ഭര്‍ത്താവിനെ കാത്തിരുന്നത്. എന്നാല്‍, ഒടുവില്‍ തേടിയെത്തിയത് ഭര്‍ത്താവിന്‍റെ മരണവാര്‍ത്തയാണ്.  ധനുഷ, ധനൂപ്, ധമന്യ എന്നിവര്‍ മക്കളാണ്. രവീന്ദ്രന്‍, ശോഭ എന്നിവരാണ് സഹോദരങ്ങള്‍.