ഗവർണറുടെ അന്ത്യശാസനത്തിന് വഴങ്ങി കേരള വിസി; സെനറ്റ് യോഗം ഉടന്‍ വിളിക്കും

Jaihind Webdesk
Saturday, October 1, 2022

തിരുവനന്തപുരം: ഗവർണറുടെ നിർദേശത്തിന് വഴങ്ങി സെനറ്റ് യോഗം വിളിക്കാൻ കേരള വിസിയുടെ തീരുമാനം. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഈ മാസം 11-ാം തീയതിക്ക് മുമ്പ് യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് യോഗം ചേരാമെന്ന് വിസി ഡോ. വി.പി മഹാദേവൻ പിള്ള ഗവർണറെ അറിയിച്ചത്.

കേരള വി.സി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിരുന്നില്ല. ഗവർണർ ഏകപക്ഷീയമായി രുപീകരിച്ച കമ്മറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്നായിരുന്നു സർവകലാശാല നിലപാട്. എന്നാൽ വിസി നിയമനവുമായി ഗവർണർ മുന്നോട്ട് പോകുകയായിരുന്നു. സെനറ്റ് യോഗം ഈ മാസം 11 ന് മുമ്പ് വിളിക്കണമെന്നായിരുന്നു ഗവർണറുടെ അന്ത്യശാസനം.

സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിർദേശിക്കാൻ ജൂൺ 13ന് കേരള വിസിയോടും യുജിസി ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു. യുജിസി ചെയർമാൻ ജൂലൈയിൽ പ്രതിനിധിയുടെ പേര് അറിയിച്ചു. സർവകലാശാല ജൂലൈ 15ന് പ്രത്യേക സെനറ്റ് യോഗം ചേർന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ പ്രതിനിധിയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം പിന്മാറി. പകരക്കാരനെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല തയാറായില്ല. ഇതോടെ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

സെനറ്റ് യോഗം വിളിച്ചില്ലെങ്കിൽ ഗവർണർക്ക് വിസിക്കെതിരെ നടപടി എടുക്കാനാകും. ഈ സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിച്ചു ചേർക്കാൻ വിസി തീരുമാനിച്ചത്. നിലവിലത്തെ വിസിയുടെ കാലാവധി ഈ മാസം 24 നാണ് അവസാനിക്കുന്നത്. സർവകലാശാല ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചിട്ടുമില്ല. പുതിയ നിയമം നിലവിൽ വരാത്തതിനാൽ ഗവർണറുടെ തീരുമാനത്തിന് വഴങ്ങുകയല്ലാതെ വിസിക്ക് മറ്റ് മാർഗങ്ങളില്ല.