ജോണ്‍ പോളിന് യാത്രാമൊഴിയേകാന്‍ കേരളം; സംസ്കാരം വൈകിട്ട് കൊച്ചിയില്‍

Jaihind Webdesk
Sunday, April 24, 2022

 

എറണാകുളം: ഇന്നലെ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ സംസ്കാരം ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ കൊച്ചി ടൗണ്‍ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. നൂറുകണക്കിന് ആളുകളാണ് മലയാള സിനിമയുടെ ഗുരുതുല്യനായ വ്യക്തിക്ക് അന്തിമോപചാരം അർപ്പിച്ചത്. ചലച്ചിത്ര സാംസ്കാരിക മേഖലയിലെ പ്രമുഖർ അന്തിമ ഉപചാരം അര്‍പ്പിക്കാൻ എത്തിയിരുന്നു.

ചാവറ കള്‍ച്ചറല്‍ സെന്‍ററിലും മരടിലെ വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷമാണ് വൈകിട്ട് സംസ്കാരചടങ്ങുകൾ നടക്കുക. 3 മണി വരെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കും മറ്റും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. 3 മണിയോടെ ഭൗതിക ദേഹം എളംകുളം സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിലേക്ക് അന്ത്യ ശുശ്രൂക്ഷകള്‍ക്കായി മാറ്റും. വൈകിട്ട് 4 നാണ് സംസ്കാരം. യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

ഇന്നലെ ഉച്ചയോടെ ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്ന ജോൺ പോളിന്‍റെ മരണം സ്ഥിരീകരിച്ചത്. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ജോൺ പോൾ മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. കമലിന്‍റെ ‘പ്രണയമീനുകളുടെ കടല്‍’ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ.