വേനൽ ചൂട് കടുത്തതോടെ ദാഹശമനികളുടെ വഴിവാണിഭം കൊഴുക്കുന്നു; മുന്നറിയിപ്പുമായി കേരളാ പൊലീസ്

Jaihind Webdesk
Wednesday, March 20, 2019

വേനൽ ചൂട് കടുത്തതോടെ വഴിയരികിൽ നിന്നും ദാഹശമിനികൾ കുടിക്കുന്നവർക്കായി കേരളാ പൊലീസിന്‍റെ മുന്നറിയിപ്പ്. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതാണെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഇത്തരം ജ്യൂസ് കടകളിൽ നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത് എന്നാണ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങളും ഗുണനിലവാരമില്ലാത്ത പാലും ഐസുമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നത്. ഹെൽത്ത് കാർഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാർലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ അനാരോഗ്യകരമായ പാനിയങ്ങൾ വാങ്ങി കുടിക്കുന്നത് ഒഴിവാക്കണമെന്നും കേരള പൊലീസ് പറയുന്നു.

കുറ്റകരമായ അനാസ്ഥ കണ്ടാൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കുന്നതിനും പോലീസ് സൗകര്യം ഒരുക്കിയിറ്റുണ്ട്.