‘പൊലീസ് കേസെടുക്കാത്തത് പ്രതികളെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംരക്ഷിക്കാന്‍; അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ കൊവിഡ് എന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട’ : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Saturday, July 11, 2020

Ramesh-Chennithala

 

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത് കേസ് വെറുമൊരു കസ്റ്റംസ് കേസായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഫ്.ഐ.ആര്‍ ഇടാന്‍ തയാറാകാതിരുന്ന പൊലീസ് പ്രതികളെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതി ചൂണ്ടിക്കാണിക്കുമ്പോള്‍ കൊവിഡ് എന്ന് പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ് വെറുമൊരു കസ്റ്റംസ് കേസായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ നിയമപരമായ നടപടി സ്വീകരിക്കാനുള്ള ബാധ്യത കേരള പൊലീസിനുണ്ട്. സ്വർണ്ണക്കടത്ത്, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കള്ളക്കടത്തുകാരെ സഹായിക്കൽ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്  വെളിവായത്. ഇത് അതീവഗുരുതരമായ കൃത്യവിലോപവും ഡ്യൂട്ടി നിർവഹിക്കുന്നതിലെ പരാജയവുമാണ്. വിവരങ്ങള്‍ പുറത്തുവന്ന് ഒരാഴ്ചയായിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകാത്ത  സാഹചര്യത്തിലാണ് ഡി.ജി.പിക്ക് കത്ത് നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തി പൊലീസ് അന്വേഷണം വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

പ്രതികളെ സംരക്ഷിക്കാനും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാനുമുള്ള ബോധപൂർവമായ നീക്കമാണ് കേരള പൊലീസ് നടത്തുന്നത്. ഡി.ജി.പിക്ക് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകും. സ്വപ്നാ സുരേഷിന് മുന്‍കൂർ ജാമ്യം എടുക്കാന്‍ സർക്കാർ അവസരമൊരുക്കിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേസെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നടപടി ചരിത്രത്തിലെ കറുത്ത അധ്യായമാണ്. അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ കൊവിഡ് എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.ബി.ഐ എന്ന് കേട്ടാല്‍ മുഖ്യമന്ത്രിക്ക് പേടിയാണെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്‍.ഐ.എ അന്വേഷണത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. ഒപ്പം റോയും കേസ് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/274251760495493