പൊതുജനങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കാന്‍ കേരള പോലീസ്; ഫീസ് 1,000 മുതല്‍ 5,000 വരെ

Jaihind Webdesk
Tuesday, June 7, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കാന്‍ പോലീസിന്‍റെ തീരുമാനം. അപേക്ഷിക്കുന്നവര്‍ക്കും തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും പരിശീലനം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിറങ്ങി.

ആയുധ പരിശീലനം നൽകുന്നതിനായി പ്രത്യേക സമിതിയും സിലബസും തയാറായി. ഫീസ് ഈടാക്കിയാകും പരിശീലനം. 1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് ഫീസ്. തോക്ക് ഉപയോഗം പരിശീലിപ്പിക്കാന്‍ 5,000 രൂപയാണ് ഫീസ്. കൂടാതെ ആയുധങ്ങളെക്കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1,000 രൂപ ഈടാക്കും. പോലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്നസ്, ആധാര്‍ കാര്‍ഡ്, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയവര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക.

ആയുധ പരിശീലനത്തിന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് പോലീസ് നടപടി. സംസ്ഥാനത്ത് ആയുധ ലൈസന്‍സ് ഉണ്ടെങ്കിലും പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.