കേന്ദ്രം കേരളത്തിന് കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് ശശി തരൂർ എംപി

Jaihind Webdesk
Tuesday, August 3, 2021

ന്യൂഡൽഹി : കേരളത്തിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ  കൂടുതല്‍ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി.ശശി തരൂർ. ഓണത്തിന് മുമ്പ് ഒരു കോടി പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ലക്ഷ്യം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കേരളത്തിൽ ഇരുപതിനായിരത്തിൽ കൂടുതൽ പ്രതിദിന കേസുകളുണ്ട്. ആരംഭ ഘട്ടത്തിൽ കോവിഡ് പ്രതിരോധിക്കുന്നതിൽ വിജയിച്ചു എന്നുപറഞ്ഞാൽ അതിനര്‍ഥം വളരെ കുറച്ച് ആളുകളിൽ മാത്രമാണ് ആന്റിബോഡികൾ ഉളളതെന്നാണ്. കൂടുതൽ വാക്സിൻ നൽകി കേന്ദ്രം സംസ്ഥാനത്തെ പിന്തുണയ്ക്കണം. ഹൈ റിസ്ക് കേസുകൾ കുറയ്ക്കുന്നതിനും ആരോഗ്യ മേഖലയ്ക്കുണ്ടാകുന്ന ഭാരം കുറയ്ക്കുന്നതിനുമായി ഓണത്തിന് മുമ്പ് 10 മില്യൺ (ഒരു കോടി) ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണം.’ – തരൂർ കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യയെ ടാഗ് ചെയ്തുകൊണ്ടുളള ട്വീറ്റിൽ കുറിച്ചു.

കൂടുതല്‍ വാക്‌സിന്‍ നല്‍കാത്തപക്ഷം നിലവിൽ കേസുകൾ കൂടുതലുള്ള സ്ഥിതി വീണ്ടും മോശമാകുകയും അത് ദേശീയ പ്രതിസന്ധിക്ക് തന്നെ കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.