കേരളം ഗുണ്ടാ ഇടനാഴി; ക്രമസമാധാന തകർച്ചയില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Friday, March 4, 2022

 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാനം ഗുണ്ടകളുടെ ഇടനാഴി ആയി മാറുകയാണെന്നും ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും ഗുണ്ടാ അക്രമങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഇന്ന് ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെ പോലും ഭയമാണെന്നും ജയിലുകളെ കൊലയാളികളുടെ സുഖവാസകേന്ദ്രങ്ങളായി സിപിഎം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പോലീസ് സേനയുടെ കൈകൾ ചങ്ങലക്കിട്ട അവസ്ഥയിലാണെന്നും ലഹരിവസ്തുക്കളുടെ തലസ്ഥാനമായി തിരുവനന്തപുരത്തെ മാറ്റിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. യുഡിഎഫിന്‍റെ എംപിമാര്‍, എംഎല്‍എമാര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജനപ്രതിനിധികളും നേതാക്കളും സെക്രട്ടേറിയറ്റ് മുന്നിലെ ധര്‍ണ്ണയിൽ പങ്കെടുത്തു.