ആദ്യം 75 ലക്ഷം, ഇപ്പോള്‍ 10 ലക്ഷം; രാജ്ഭവന് വേണ്ടി വാരിക്കോരി ചെലവഴിച്ച് സര്‍ക്കാര്‍

Jaihind Webdesk
Saturday, November 5, 2022


സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരു മുറുകുമ്പോഴും രാജ്ഭവനെ പ്രീതിപ്പെടുത്താന്‍ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് .രാജ്ഭവനില്‍ കേന്ദ്രീകൃത നെറ്റ് വര്‍ക്കിങ് സംവിധാനവും ഇ ഓഫിസ് സംവിധാനവും ഒരുക്കുന്നതിനു 75 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെയാണ് വലിയ തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ചു കൊണ്ടുള്ള ഫയല്‍ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവിറങ്ങും.

രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് ജൂലൈയിലാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണ സെക്രട്ടറിക്ക് കത്തു നല്‍കിയത്. ധനവകുപ്പ് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിന് തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സെപ്റ്റംബറിലാണ് കത്തു നല്‍കിയത്.

പ്രത്യക്ഷത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരുമുറുകുമ്പോഴും രാജ്ഭവന്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും വന്‍ തുക അനുവദിക്കുകയാണ് സര്‍ക്കാര്‍.