സലിംകുമാറിനെയടക്കം ഒഴിവാക്കാനുള്ള അയോഗ്യത എന്ത് ? ; വകുപ്പ് മന്ത്രിയും ചെയര്‍മാനും മറുപടി പറയണമെന്ന് കെ.സി വേണുഗോപാല്‍

Jaihind News Bureau
Wednesday, February 17, 2021

 

തിരുവനന്തപുരം : ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിംകുമാറിനെയും   ഷാജി എൻ കരുണിനെയും ഒഴിവാക്കിയത് ചിലരുടെ സങ്കുചിത താത്പര്യത്തിന്‍റെ ഭാഗമായാണെന്ന് കൂടുതല്‍ വ്യക്തമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.  ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ മാത്രം സലിംകുമാറിനും ഷാജി എൻ കരുണിനുമുള്ള അയോഗ്യത എന്തെന്ന് പറയാന്‍ വകുപ്പ് മന്ത്രിയും അക്കാദമി ചെയര്‍മാനും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം മുമ്പില്ലാത്ത വിധം പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചതിന്‍റെ ഫലമാണ് സലിംകുമാറിനോടുള്ള അവഹേളനം. വിവാദം ഉണ്ടായപ്പോള്‍ സലിംകുമാറിനെ അനുനയിപ്പിക്കാനും ക്ഷണിക്കാനും നടക്കുന്ന നീക്കങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് തന്‍റെ ജീവശ്വാസമാണെന്ന് പ്രഖ്യാപിച്ചതാണോ ഒരു കലാകാരന് അയോഗ്യതയായി കാണുന്നതെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.

‘സലിംകുമാറിനുൾപ്പെടെ ഭ്രഷ്ട് കല്പിക്കുന്നവര്‍ ദേശീയ പുരസ്‌കാരത്തെ മാത്രമല്ല, രാജ്യത്തെ തന്നെ അപമാനിക്കുകയാണെന്ന് മറക്കരുത്. നിങ്ങള്‍ എത്രമേല്‍ അവഹേളിച്ചാലും സ്വാഭാവിക അഭിനയ തികവിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസ്സില്‍ മാറ്റുരച്ച സലിംകുമാറിനെ പോലൊരു അനുഗ്രഹീത കലാകാരനെ അവിടെ നിന്നും കുടിയിറക്കാന്‍ സാധിക്കില്ല.’ – കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഐ.എഫ്.എഫ്.കെയുടെ കൊച്ചിയിലെ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ സലിംകുമാറിനെയും ഷാജി എൻ കരുണിനെയും ഒഴിവാക്കിയത് ചിലരുടെ സങ്കുചിത താത്പര്യത്തിന്റെ ഭാഗമായാണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.
നീണ്ട ഇരുപത്തിയൊന്ന് വര്‍ഷത്തിനു ശേഷം കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയില്‍ എത്തുമ്പോള്‍ എറണാകുളം ജില്ലക്കാരനായ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിംകുമാറിനെ മാറ്റിനിര്‍ത്താന്‍ സംഘാടകരെ പ്രേരിപ്പിച്ച ഘടകം എന്താവും? സലംകുമാറിന് പ്രായക്കൂടുതല്‍ എന്ന് പറയുന്നവര്‍, സമപ്രായക്കാരും സീനിയറുമായ മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെ അതേ വേദിയില്‍ അണിനിരത്തുന്നതിന്റെ യുക്തി എന്താണ്?
ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയായ, അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഷാജി എൻ കരുണിനെ മാറ്റി നിർത്താനുള്ള ചേതോ വികാരമെന്താണ് ?
മേളയുടെ കൊച്ചി ചാപ്റ്ററിന് ദീപം തെളിയിക്കാന്‍ നിയോഗിക്കപ്പെട്ട പുരസ്‌കാര ജേതാക്കള്‍ കൂടിയായ 25 ചലച്ചിത്ര പ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മാത്രം സലിംകുമാറിനും ഷാജി എൻ കരുണിനുമുള്ള അയോഗ്യത എന്തെന്ന് പറയാന്‍ വകുപ്പ് മന്ത്രിയും അക്കാദമി ചെയര്‍മാനും തയ്യാറാവണം.
ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം മുമ്പില്ലാത്ത വിധം പൂര്‍ണമായും രാഷ്ട്രീയവത്കരിച്ചതിന്റെ ഫലമാണ് സലിംകുമാറിനോടുള്ള അവഹേളനം. അക്കാദമിയില്‍ സി.പി.എം അനുകൂലികളെ സ്ഥിരപ്പെടുത്തി ഇടതുസ്വഭാവം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് നമ്മളെല്ലാം കണ്ടതാണ്. അത്തരമൊരു മനോഭാവം എല്ലാകാര്യത്തിലും സങ്കുചിതമായി മാത്രമേ പ്രതിഫലിക്കുകയുള്ളൂ.
വിവാദം ഉണ്ടായപ്പോള്‍ സലിംകുമാറിനെ അനുനയിപ്പിക്കാനും ക്ഷണിക്കാനും നടക്കുന്ന നീക്കങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് തന്റെ ജീവശ്വാസമാണെന്ന് പ്രഖ്യാപിച്ചതാണോ ഒരു കലാകാരന് അയോഗ്യതയായി കാണുന്നത്?
ഷാജി എൻ കരുണിനെ തമസ്കരിച്ച് എന്ത് ചരിത്രമാണ് മലയാള സിനിമയ്ക്ക് എഴുതാനുള്ളത് ? അദ്ദേഹം വിശ്വസിച്ച ഇടതുപക്ഷത്തു നിന്നാണ് ഈ അവഹേളനമെന്നതാണ് ശ്രദ്ധേയം.
സലിംകുമാറിനുൾപ്പെടെ ഭ്രഷ്ട് കല്പിക്കുന്നവര്‍ ദേശീയ പുരസ്‌കാരത്തെ മാത്രമല്ല, രാജ്യത്തെ തന്നെ അപമാനിക്കുകയാണെന്ന് മറക്കരുത്.
നിങ്ങള്‍ എത്രമേല്‍ അവഹേളിച്ചാലും സ്വാഭാവിക അഭിനയ തികവിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസ്സില്‍ മാറ്റുരച്ച സലിംകുമാറിനെ പോലൊരു അനുഗ്രഹീത കലാകാരനെ അവിടെ നിന്നും കുടിയിറക്കാന്‍ സാധിക്കില്ല.