ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും പാര്‍ലമെന്‍റില്‍ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമായെന്ന് കെ.സി വേണുഗോപാല്‍ എംപി : ‘ഹാത് സെ ഹാത് ജോഡോ’ പ്രവാസ ലോകത്തും;  പരസ്പരം കൈ കോര്‍ത്ത് ആയിരങ്ങള്‍

Elvis Chummar
Monday, March 6, 2023

 

ഷാര്‍ജ (യുഎഇ): മോദി ഭരിക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നഷ്ടമായെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അത് ലോക്സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതാണ് പുതിയ രീതിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. യുഎഇയിലെ ഷാര്‍ജയില്‍ ‘സമകാലീന ഇന്ത്യയും പ്രവാസവും’ എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരിക്കുന്ന ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന നിയമം പോലും കാറ്റിപറത്തുകയാണ്. അദാനിക്ക് ഒരു നിയമം, സാധാരണക്കാരന് വേറെ നിയമം എന്ന രീതിയിലേക്ക് മാറി. ബിജെപിക്ക് വേണ്ടി പാര്‍ട്ടിയും ചിഹ്നവും പതിച്ചുകൊടുക്കുന്ന എജന്‍സിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. മഹാരാഷ്ട്രയില്‍ യഥാര്‍ത്ഥ ശിവസേനയെ ഇങ്ങനെ ഇല്ലാതാക്കിയതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഏതൊരു ഏകാധിപതിക്കും കാലം കരുതിവെച്ചിട്ടുണ്ട്. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണം അവസാനിക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇതിനായി രംഗത്തിറങ്ങും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ബിജെപിയില്‍ നിന്നും മോചനം ഉണ്ടായേ മതിയാകൂ. ഇതിനായാണ് പോരാട്ടം. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഒരു ഭാഗത്തും മറു ഭാഗത്ത് ബിജെപിയും സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഇന്‍കം ടാക്സും ഒന്നിച്ചാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കച്ചക്കെട്ടി ഇറങ്ങിയിട്ടുള്ളതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ കേരളത്തിലെ സിപിഎമ്മുകാര്‍ മനസിലാക്കിയാല്‍ അവര്‍ക്കുനല്ലത്. 42 വണ്ടിയുമായി പൊലീസ് എക്സ്‌കോര്‍ട്ട് പോകുന്നവര്‍ക്കും മരണവീട്ടിലെ കറുത്ത കൊടി വലിച്ചെറിയുന്നവര്‍ക്കും ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും നടത്തുന്നവര്‍ക്കും ഇത് മനസിലാകില്ല. കേരളത്തിലെ കമ്യൂണിസം ഇങ്ങനെ ഒരു പ്രത്യേക പാര്‍ട്ടിയായി മാറിയെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു. യുഎഇ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച, സമകാലീന ഇന്ത്യയും പ്രവാസവും എന്ന പ്രഭാഷണ പരമ്പരയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കെ.സി വേണുഗോപാല്‍ എംപി നടത്തിയത്. പ്രവാസി പുനരധിവാസം, കൊവിഡിന് ശേഷമുള്ള മാറ്റങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്ക്കരണം, പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, കേരള വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്നീ വിഷയങ്ങളും പ്രഭാഷണ പരമ്പരയിലൂടെ അടയാളപ്പെടുത്തി.

അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘ഹാത് സെ ഹാത് ജോഡോ’ എന്ന ക്യാമ്പെയ്നിന്‍റെ പ്രവാസ ലോകത്തെ പ്രവര്‍ത്തനോദ്ഘാടനവും ഇതേവേദിയില്‍ നടന്നു. പങ്കെടുത്ത ആയിരങ്ങള്‍ പരസ്പരം കൈകള്‍ ഇരുവശത്തേയ്ക്കും കോര്‍ത്ത് അണിചേര്‍ന്നു. ഹാളിലെ ആദ്യ കസേരയില്‍ നിന്നും ആരംഭിച്ച് മറ്റു കസേരകളിലൂടെ കടന്ന് ഗാലറികളിലെ ജനക്കൂട്ടം വഴി ഒരു തിരമാല പോലെ ആയിരങ്ങള്‍ കൈ ചേര്‍ത്തു പിടിച്ചു. ഏറ്റവും ഒടുവില്‍ കെ.സി വേണുഗോപാലിന്‍റെ കൈകളിലേക്ക് അവസാന കണ്ണികള്‍ ഭദ്രമായി എത്തിക്കുന്ന രീതിയിലാണ് തിരമാല അവസാനിച്ചത്. ഈ കൈകള്‍ ചേര്‍ത്തുപിടിച്ചത് യഥാര്‍ത്ഥ ഇന്ത്യയെ വീണ്ടെടുക്കാനാണെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.

യോഗത്തില്‍ ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍, ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍, വൈസ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹിം, കെഎംസിസി യുഎഇ പ്രസിഡന്‍റ് ഡോ. പൂത്തൂര്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാദ്യമേളങ്ങളോടെ ഘോഷയാത്രയായിട്ടാണ് അതിഥികളെ വേദിയിലേക്ക് എത്തിച്ചത്.