കസ്തൂരിരംഗൻ– ഇഎസ്ഐ വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണം; സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി

Jaihind Webdesk
Saturday, September 3, 2022


കൊച്ചി: കസ്തൂരിരംഗൻ– ഇഎസ്ഐ വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര കർഷക സംഘടനയായ കിഫയാണ് ഹർജി നൽകിയത്. ബഫർ സോൺ വിഷയത്തിൽ മലയാള തർജിമ അനുവദിച്ച സർക്കാർ കസ്തൂരിരംഗൻ വിജ്ഞാപനം മലയാളത്തിൽ ഇറക്കാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് കിഫയുടെ ആരോപണം.

കസ്തൂരിരംഗൻ ഇഎസ്ഐ വിഷയത്തിൽ പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കുവാനായി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. സെപ്റ്റംബർ 6 വരെയാണ് സമയപരിധി നൽകിയിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ കർഷകർക്ക് വായിച്ച് മനസ്സിലാക്കാൻ വിജ്ഞാപനം മലയാളത്തിലും തമിഴിലും കന്നടയിലും ഇറക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ബഫർസോൺ വിഷയത്തിൽ മലയാളത്തിൽ തർജിമ അനുവദിച്ച സർക്കാർ കസ്തൂരിരംഗൻ വിഷയത്തിൽ തർജിമ അനുവദിക്കാത്തത് ദുരൂഹമെന്നാണ് ആക്ഷേപം. വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘടനയായ കിഫ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കേരളത്തിലെ ഇഎസ്ഐയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങൾ കേരള ബയോഡൈവേഴ്സിറ്റി ബോർഡിൻ‍‍‍‍‍‍‍‍‍‍‍‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നായിരുന്നു. ഇവ മായിക്കപ്പെടുകയും വീണ്ടും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച വിശദാംശങ്ങളും പിന്നീട് മാറ്റി പ്രസിദ്ധീകരിച്ചവയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാനുള്ള അവസരം പൊതു ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇത് ദുരൂഹമായ സാഹചര്യമാണെന്ന് കിഫ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വിജ്ഞാപനം മലയാളത്തിൽ ഉൾപ്പെടെ ഇറക്കണമെന്ന ആവശ്യം ശക്തമാകുന്നത്.