‘കശ്മീർ പരാമർശം അംഗീകരിക്കാനാവില്ല’; ജലീലിനെതിരെ ഗവർണർ

Jaihind Webdesk
Sunday, August 14, 2022

 

തിരുവനന്തപുരം: കെ.ടി ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം അംഗീകരിക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ പരേഡിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.

“കെടി ജലീലിന്‍റെ കാശ്മീർ പരാമർശം നിർഭാഗ്യകരമാണ്. ഇത് അപ്രതീക്ഷിതമാണെന്ന് കരുതുന്നില്ല. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാകില്ല”- ഗവർണർ പറഞ്ഞു.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നായിരുന്നു കെ.ടി ജലീല്‍ എംഎല്‍എ വിശേഷിപ്പിച്ചത്. കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ജലീലിന്‍റെ വിവാദ പരാമർശം. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും തെറ്റ് തിരുത്താന്‍ ജലീല്‍ തയാറായിരുന്നില്ല.