കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷനെയും വക്താവിനെയും അറസ്റ്റ് ചെയ്തു

Jaihind Webdesk
Friday, August 16, 2019

 

ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, മുതിര്‍ന്ന നേതാവ് രവീന്ദര്‍ ശര്‍മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കോണ്‍ഗ്രസ് വക്താവാണ് രവീന്ദര്‍ ശര്‍മ. മാധ്യമങ്ങളോട് സംസാരിക്കാന്‍ നേരത്തെതന്നെ നിശ്ചയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും പോലീസ് അതിനുള്ള സാവകാശം നല്‍കിയില്ല. ഉടന്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് നിങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പോലീസ് നേതാക്കളെ കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം ഗുലാം അഹമ്മദ് മിറിനെ വീട്ടുതടങ്കലിലാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യ ദിനത്തിലടക്കം അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി.