കരുവന്നൂരില്‍ നടന്നത് വന്‍ കൊള്ള ; തട്ടിയെടുത്ത പണം കൊണ്ട് റിസോര്‍ട്ട് ഉള്‍പ്പെടെ വന്‍ സംരംഭങ്ങള്‍

Jaihind Webdesk
Friday, July 23, 2021

 

തൃശൂർ : സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത തുക ഉപയോഗിച്ച് മുൻ ബ്രാഞ്ച് മാനേജർ തേക്കടിയിൽ റിസോർട്ട് പണിയുന്നു. അതിനിടെ ബാങ്കിൽ നടന്ന തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. വൻകിട ലോണുകൾ എടുത്ത് നൽകാൻ ബാങ്കിനകത്ത് കമ്മീഷൻ ഏജന്‍റുമാർ പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

തട്ടിപ്പിലൂടെ സ്വരൂപിച്ച പണം കൊണ്ട് പ്രതികൾ 9 വൻ സംരംഭങ്ങൾ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 10.49 കോടി രൂപ മുടക്കി തേക്കടി റിസോർട്ട്സ് ലിമിറ്റഡ് എന്ന പേരിൽ റിസോർട്ട് ആരംഭിച്ചു. ബാങ്കിന്‍റെ മുൻ മാനേജർ എം.കെ. ബിജുവും കമ്മീഷൻ ഏജന്‍റ് ബിജോയിയും അടക്കം 8 പേരായിരുന്നു ഡയറക്ടർമാർ. ഇത് കൂടാതെ 50 ലക്ഷം രൂപ ചെലവിൽ ലക്സ് വേ ഹോട്ടൽ ആൻഡ് റിസോർട്ട്സ് ലിമിറ്റഡ് എന്ന പേരിൽ മൂന്നാറിൽ ഹോട്ടൽ ശ്യംഖലയും നടത്തി. തൃശൂരിലെ മാടായിക്കോണം കേന്ദ്രീകരിച്ച് സിസിഎം ട്രേഡേഴ്സ് എന്ന പേരിൽ 10 ലക്ഷം രൂപ മൂലധനമായി പ്രതികൾ ഒരു കമ്പനി ആരംഭിച്ചിട്ടുണ്ട്. 98 ലക്ഷം രൂപ മൂലധനത്തിൽ പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയും ഇവർ നടത്തി.

പ്രതികളായ ബിജു, ബിജോയ്, ജിൽസ്, കിരൺ തുടങ്ങിയവരും ഇവരുടെ കുടുംബാംഗങ്ങളും ചേർന്നാണ് സ്ഥാപനങ്ങൾ നടത്തിയിരുന്നത്. അതിനിടെ ബാങ്കിൽ വൻകിട വായ്പകൾക്കായി ഇടനിലക്കാർ പ്രവർത്തിച്ചിരുന്നു എന്ന വിവരം പുറത്തു വന്നു. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ഒത്താശയോടെ വൻതുക വായ്പ അനുവദിപ്പിച്ച ശേഷം പത്ത് ശതമാനം കമ്മീഷൻ വാങ്ങുകയാണ് ഇവരുടെ രീതിയെന്നും വ്യക്തമായി.